ലോര്‍ഡ്സില്‍ ഇന്ത്യ, ഇംഗ്ലണ്ട് തോറ്റത് 95 റണ്‍സിന്

Webdunia
തിങ്കള്‍, 21 ജൂലൈ 2014 (19:53 IST)
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. ലോര്‍ഡ്സില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് വിജയം ഉണ്ടാകുന്നത്. 95 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ പേസ് ബൌളര്‍ ഇഷാന്ത് ശര്‍മ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുമ്പിലെത്തി. 320 റണ്‍സ് ആണ് ഇംഗ്ലണ്ടിന് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 220 റണ്‍സില്‍ അവര്‍ എല്ലാവരും പുറത്തായി.

ഇംഗ്ലണ്ട് നാല് വിക്കറ്റിന് 106 എന്ന നിലയിലാണ് അഞ്ചാം ദിനം കളി ആരംഭിച്ചത്. മൊയീന്‍ അലിയെ ഇഷാന്ത് വീഴ്ത്തിയത് കളിയില്‍ നിര്‍ണായകമായി. ജോ റൂട്ട് (66) മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്.

ഈ വിജയത്തോടെ പുതിയ ഉണര്‍വാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ഉണ്ടായിരിക്കുന്നത്. യുവതാരങ്ങള്‍ പ്രകടിപ്പിച്ച വിജയത്വരയാണ് ഇന്ത്യയുടെ മികച്ച മുന്നേറ്റത്തിന് കാരണം.

ഇഷാന്ത് ശര്‍മയുടെ തകര്‍പ്പന്‍ പേസ് ബൌളിംഗും ഭുവനേശ്വര്‍ കുമാറിന്‍റെ ഓള്‍‌റൌണ്ട് മികവുമാണ് ഇന്ത്യയുടെ മികച്ച വിജയത്തിന് അടിത്തറ പാകിയത്. ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച സ്പിന്നറായ ആര്‍ അശ്വിന്‍ ഇല്ലാതെയാണ് ഇന്ത്യന്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയതെന്നും ഓര്‍ക്കേണ്ട വസ്തുതയാണ്.