ലോകകപ്പ് ക്രിക്കറ്റില്‍ യു എ ഇക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ആറുവിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത് യു എ ഇ 175 റണ്‍സ് നേടിയിരുന്നു. യു എ ഇ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്‌ഷ്യം വെസ്റ്റ് ഇന്‍ഡീസ് 30.3 ഓവറില്‍ സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിന് ക്വാര്‍ട്ടറിലേക്ക് കടക്കണമെങ്കില്‍ 36.2 ഓവറിനുള്ളില്‍ വിജയലക്‌ഷ്യം മറികടക്കണമായിരുന്നു. ഏതായാലും ആ ലക്‌ഷ്യം മറികടന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന പാകിസ്ഥാന്‍ - അയര്‍ലന്‍ഡ് മത്സരഫലം അനുസരിച്ചായിരിക്കും വിന്‍ഡീസിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍.
176 റണ്‍സ് വിജയലക്‌ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ 55 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സാണ് ടോപ് സ്കോറര്‍. സഹ ഓപണര്‍ ഡ്വെന്‍ സമിത്ത് ഒമ്പത് പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന സാമുവല്‍സ് ഒമ്പത് റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. കളി അവസാനിക്കുമ്പോള്‍ 50 റണ്‍സെടുത്ത് ജോനാഥന്‍ കാര്‍ട്ടറും 33 റണ്‍സെടുത്ത് ദിനേശ് രാംദിനും പുറത്താവാതെ നിന്നു.
യു എ ഇക്കു വേണ്ടി മഞ്ജുള ഗുരുജെ, അംജദ് ജാവേദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ക്രിസ് ഗെയ്‌ലിനെ കൂടാതെയാണ് വിന്‍ഡീസ് ഇന്ന് ഇറങ്ങിയത്. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് യു എ ഇയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.