'പരസ്യ' പണക്കാരില്‍ ധോണി എട്ടാമന്‍

Webdunia
വെള്ളി, 13 ജൂണ്‍ 2014 (11:07 IST)
പരസ്യവരുമാനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണി ഫോബ്‌സ് മാസികയുടെ പട്ടികയില്‍ എട്ടാമന്‍. പരസ്യവരുമാനത്തിലൂടെ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന അത്‌ലറ്റുകളുടെ പട്ടികയിലാണ് ധോണി എട്ടാം സ്ഥാനത്ത് ഇടം‌പിടിച്ചത്. പരസ്യവരുമാനത്തില്‍ നിന്നു മാത്രം വര്‍ഷംതോറും 26 ദശലക്ഷം ഡോളറാണ് ധോണിയുടെ സമ്പാദ്യം. ഗോള്‍ഫ്‌ ഇതിഹാസം ടൈഗര്‍ വുഡ്‌സാണ്‌ പരസ്യ വരുമാനമുള്ള അത്‌ലറ്റുകളില്‍ ഏറ്റവും മുന്നില്‍. ടൈഗര്‍ വുഡ്സ് മൊത്തം 55 ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്നു.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അത്‌ലറ്റുകളുടെ പട്ടികയില്‍ ഇരുപത്തിരണ്ടാം സ്ഥാനമാണ് ധോണിക്കുള്ളത്. 30 ദശലക്ഷം ഡോളറാണ് ധോണിയുടെ സമ്പാദ്യം. ശമ്പളമായി നാല് ദശലക്ഷം ഡോളര്‍ ധോണിക്ക് ലഭിക്കുന്നുണ്ട്.

ഏറ്റവും വരുമാനമുണ്ടാക്കുന്ന 100 ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ രണ്ടാം സ്‌ഥാനത്താണ് ധോണി. സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാനാണ് ഒന്നാം സ്ഥാനം.