ധവാന്‍ മുന്നില്‍ നിന്ന് നയിച്ചു, കോഹ്ലി പിന്തുണച്ചു; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (09:51 IST)
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ശിഖര്‍ ധവാന്റെ വെടിക്കെട്ടും ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും ചേര്‍ന്നതോടെയാണ് ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ അനായസ വിജയം സ്വന്തമാക്കിയത്. ലങ്ക ഉയർത്തിയ 217 റൺസ് എന്ന വിജയലക്ഷ്യം 21 ഓവർ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സ്കോര്‍ ശ്രീലങ്ക 43.2 ഓവറില്‍ 216ന് ഓള്‍ ഔട്ട്, ഇന്ത്യ 28.5 ഓവറില്‍ 220/1.
 
90 പന്തിൽ 20 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 132 റണ്‍സാണ് ശിഖർ ധവാൻ നേടിയത്. അതേസമയം, പത്ത് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 70 പന്തിൽ 82 റണ്‍സായിരുന്നു നായകന്‍ കോഹ്ലിയുടെ സംഭാവന. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 197 റണ്‍സാണ് നേടിയത്. നാല് റൺസെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
 
നേരത്തേ, 43.2 ഓവറിലാണ് ശ്രീലങ്കയുടെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായത്. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 139 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു ലങ്ക. 64 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയും 35 റണ്‍സെടുത്ത ഗുണതിലകയും ഓപ്പണിങ് വിക്കറ്റില്‍ ‌74 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് കൂടി പുറത്തായതോടെയാണ് ശ്രീലങ്കയുടെ തകര്‍ച്ച ആരംഭിച്ചത്. 
 
Next Article