ക്യാപ്റ്റന്‍ കൂള്‍ ടീം ഇന്ത്യയുടെ നായകന്‍ ?; നായകസ്ഥാനത്തു നിന്ന് കൊഹ്ലിയെ പുറത്താക്കുമെന്ന് ബിസിസിഐ !

വെള്ളി, 23 ജൂണ്‍ 2017 (14:48 IST)
വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. ഈ പരമ്പരയില്‍ നായകനെന്ന നിലയിലും ഒരു കളിക്കാരനെന്ന നിലയിലും തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ നിന്നും പുറത്താക്കുമെന്ന് വിരാട് കൊഹ്‌ലിക്ക് ബിസിസിഐ താക്കീത് നല്‍കിയതായുള്ള റിപ്പോര്‍ട്ട് പുറത്ത്.
 
ടീമില്‍ വിരാട് കൊഹ്‌ലിക്ക് പ്രത്യേകമായുളള വീറ്റോ പവര്‍ ഉപയോഗിച്ച് അദ്ദേഹം തന്നെയാണ് കുംബ്ലെയെ  പുറത്താക്കിയതെന്ന് ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ടു തന്നെ കുംബ്ലെയ്‌ക്കെതിരെയുള്ള കൊഹ്‌ലിയുടെ നിലപാടുകളിലും കുംബ്ലെയുടെ രാജിയിലും അതൃപ്തിയുള്ളവര്‍ ബിസിസിഐയില്‍ തന്നെയുണ്ടെന്ന കാര്യമാണ് ഇതോടെ വ്യക്തമാകുന്നത്. 
 
ടീമിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഒരുമിച്ച് മുന്നോട്ട് പോകണണമെന്ന ബിസിസിഐയുടെയും ക്രിക്കറ്റ് ഉപദേശകസമിതിയുടെയും ഉപദേശം കൊഹ്‌ലി അംഗീകരിക്കാത്തതും ബിസിസിഐയിലെ ചില അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ട്. കുംബ്ലെ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ പുറത്ത് പോകുമെന്ന കൊഹ്ലിയുടെ കടുത്ത നിലപാട് ഉപദേശകസമിതിയെപ്പോലും അമ്പരപ്പിച്ചുവെന്നാണ് റിപ്പ്പോര്‍ട്ടുകള്‍. 
 
പരിശീലകനായ അനില്‍ കുംബ്ലെ രാജി വെച്ചതിന് പിന്നാലെ ടീം നായകന്‍ വിരാട് കൊഹ്‌ലിക്കെതിരെ നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ വാക്ക് കേട്ടല്ല പരിശീലകനെ മാറ്റേണ്ടതെന്നാണ് സുനില്‍ ഗവാസ്‌കറെപ്പോലെയുള്ളവരും വിമര്‍ശിച്ചിരുന്നു. 
 
അതേസമയം വിന്‍ഡീസ് പര്യടനത്തില്‍ നായകനെന്ന നിലയിലെ ചെറിയ തെറ്റുകള്‍ പോലും കൊഹ്‌ലിക്കെതിരായ നിലപാടെടുക്കുന്നതിന് കാരണമാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം ശ്രീലങ്കന്‍ പര്യടനത്തിനാണ് ടീം ഇന്ത്യ പോകുക. 
 
പുതിയ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ കൊഹ്‌ലി നായകനായി ഉണ്ടാകുമോയെന്ന കാര്യം കാത്തിരുന്ന കാണേണ്ടതുതന്നെയാണ്. അതോടൊപ്പം തന്നെ കൊഹ്‌ലിക്ക് പകരം ധോണിയെ തിരികെ നായകസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതുമല്ലെങ്കില്‍ കുംബ്ലെയുടെ താല്‍പ്പര്യം പോലെ അജിങ്ക്യ രഹാനെയാ‍യിരിക്കും നായകനാകുക.
 

വെബ്ദുനിയ വായിക്കുക