കോഹ്‌ലിക്ക് ഇനി ഭരിക്കാം, എം എസ് ധോണി ഏകദിന - ട്വന്‍റി20 നായകസ്ഥാനമൊഴിഞ്ഞു

ബുധന്‍, 4 ജനുവരി 2017 (21:32 IST)
മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന, ട്വന്‍റി20 നായകസ്ഥാനമൊഴിഞ്ഞു. ഇത് സമീപകാല സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ഒരു ഞെട്ടിക്കുന്ന തീരുമാനമല്ലെങ്കിലും തികച്ചും അപ്രതീക്ഷിതമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ തെരഞ്ഞെടുക്കുന്നതിന്‍റെ തലേദിവസമാണ് ധോണി തന്‍റെ തീരുമാനം അറിയിച്ചിരിക്കുന്നത്.
 
ധോണി ഏകദിന, ട്വന്‍റി20 ടീമില്‍ തുടരുമെന്ന് ബി സി സി ഐ അറിയിച്ചു. സ്വാഭാവികമായും വിരാട് കോഹ്‌ലി ഏകദിന, ട്വന്‍റി20 ടീമുകളുടെ നായകസ്ഥാനത്തേക്ക് വരും. മികച്ച ഫോമില്‍ ടെസ്റ്റ് ക്യാപ്ടനായി നില്‍ക്കുന്ന വിരാട് കോഹ്‌ലിയുടെ സാന്നിധ്യം ധോണിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം സൌരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.
 
ക്രിക്കറ്റ് പോലെയുള്ള വമ്പന്‍ ഗെയിമിലേക്ക് ഝാര്‍ഖണ്ഡ് പോലെയുള്ള ഒരു സ്ഥലത്തുനിന്ന് വരികയും പിന്നീട് സച്ചിന്‍റെ നിര്‍ദ്ദേശത്താല്‍ ക്യാപ്‌ടന്‍ സ്ഥാനമേറ്റെടുക്കുകയും ചെയ്ത മഹേന്ദ്രസിംഗ് ധോണി പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായി മാറുന്നതിനാണ് ലോകം സാക്‍ഷ്യം വഹിച്ചത്. ലോകകപ്പ് വിജയത്തിലേക്ക് കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിച്ച താരം ഇപ്പോള്‍ അനിവാര്യമായ പിന്‍‌മാറ്റമാണ് നടത്തിയിരിക്കുന്നത്.
 
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മികച്ച ഫിനിഷറുമായി തിളങ്ങിയിരുന്ന ധോണി കഴിഞ്ഞ ഒന്നരവര്‍ഷമായി ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അത്ര നല്ല ഫോമിലായിരുന്നില്ല. കോഹ്‌ലിയുടെ അസാമാന്യപ്രകടനവും ഇപ്പോള്‍ നായകസ്ഥാനം ഒഴിയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. 
 
അതുമാത്രമല്ല, ഇപ്പോള്‍ കോഹ്‌ലിക്ക് നായകസ്ഥാനം കൈമാറുന്നത് എന്തുകൊണ്ടും അനുയോജ്യമായ തീരുമാനമാണെന്നാണ് ധോണി കരുതുന്നത്. 2019ല്‍ ലോകകപ്പിലേക്ക് മുന്നേറാന്‍ പുതിയ ക്യാപ്‌ടന് ആവശ്യത്തിന് സമയം ലഭിക്കുമെന്ന നല്ല ചിന്ത ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക