ഏഷ്യാ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഇന്ന് ബഗ്ലാദേശിനെ നേരിടും. ഇന്നത്തെ മത്സരം തോറ്റാല്‍ പാകിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. രണ്ടു മത്സരങ്ങളില്‍നിന്ന് രണ്ടു പോയന്‍റാണ് പാകിസ്ഥാന്റെ സമ്പാദ്യം. മൂന്ന് കളികളില്‍നിന്ന് രണ്ടു ജയത്തോടെ നാലു പോയന്‍റാണ് ബംഗ്ളാദേശിനുള്ളത്.
പാകിസ്ഥാന്റെ അടുത്ത മത്സരം ശ്രീലങ്കയ്ക്കെതിരെയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ജയിച്ച് ഫൈനല്‍ ആത്മവിശ്വാസത്തോടെ ശ്രീലങ്കയെ നേരിടാനാകും പാകിസ്ഥാന്‍ ശ്രമിക്കുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച ബൌളിങ്ങ് പ്രകടനം കാഴ്ചവച്ച മുഹമ്മദ് ആമിറില്‍ തന്നെയാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ബൌളര്‍മാര്‍ മികച്ച പ്രകടനം കാഴച വയ്ക്കുന്നുണ്ടെങ്കിലും ബാറ്റ്സ്മാന്മാര്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്നതാണ് പാകിസ്ഥാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ഇന്ത്യക്കെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട പാക് ബാറ്റിങ് നിര യു എ ഇക്കെതിരെ ഫോമിലേക്കുയര്‍ന്നത് പാക് ക്യാമ്പിന് ആശ്വാസം പകരുന്നുണ്ട്.
മികച്ച ഫോമില്‍ തുടരുന്ന ബംഗ്ളാദേശിന് ഓപണര്‍ തമീം ഇഖ്ബാല്‍ തിരിച്ചത്തെുന്നത് ആത്മവിശ്വാസം പകരുന്നു. പേസര്‍ മുസ്തഫിസുര്‍ പരിക്കു കാരണം കളിക്കുന്ന കാര്യം സംശയത്തിലാണ്.