മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വീണ്ടും ബാറ്റിംഗ് പരാജയം. രണ്ടാം ഇന്നിംഗ്സില്‍ 200 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. ആദ്യ ഇന്നിംഗ്സില്‍ തിളങ്ങിയ മുരളി വിജയും ചേതേശ്വര്‍ പൂജാരയും തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഇമ്രാന്‍ താഹിറും ഹാര്‍മറും ചേര്‍ന്നാണ് ഇന്ത്യയെ വളരെ പെട്ടെന്ന് കൂടാരം കയറ്റിയത്. രണ്ടുപേരും നാലുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
220 പന്തുകള്‍ നേരിട്ട ചേതേശ്വര്‍ പൂജാര 77 റണ്‍സെടുത്തു. മുരളി വിജയ് 47 റണ്‍സ് സ്വന്തമാക്കി. നായകന്‍ വിരാട് കോഹ്‌ലി 29 റണ്‍സിന് പുറത്തായി. വാന്‍സീലിനാണ് കോഹ്‌ലിയുടെ വിക്കറ്റ്. 20 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ഭേദപ്പെട്ട പ്രകടനം നടത്തി. രഹാനെ രണ്ട് റണ്‍സും ജഡേജ എട്ട് റണ്‍സും അശ്വിന്‍ മൂന്ന് റണ്‍സും മാത്രമാണെടുത്തത്.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 201 റണ്‍സ് നേടിയിരുന്നു. എന്നാല്‍ വെറും 184 റണ്‍സിന് ദക്ഷിണാഫ്രിക്ക വെണതോടെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് നേരിയ ലീഡായി. ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്‍ഷ്യം 218 റണ്‍സാണ്. താരതമ്യേന ചെറിയ സ്കോറാണെങ്കിലും പിച്ചിന്‍റെ പ്രവചനാതീതമായ സ്വഭാവം മൂലം വിജയം നേടുക എന്നത് ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമല്ല.