ഇന്ത്യയ്ക്ക് ശനിദശ, ശിഖര്‍ ധവാന്‍ ടീമിനുപുറത്ത്

തിങ്കള്‍, 17 ഓഗസ്റ്റ് 2015 (19:53 IST)
ആ തോല്‍‌വിയുടെ ആഘാതത്തില്‍ നിന്ന് ടീം ഇന്ത്യ ഇതുവരെ കരകയറിയിട്ടില്ല. അതിനിടെ അപ്രതീക്ഷിതമായ മറ്റൊരു ആഘാതം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ആടിയുലയ്ക്കുകയാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ശ്രീലങ്കയ്ക്കെതിരായി അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും ഇന്ത്യന്‍ ടീമില്‍ ഉണ്ടാവില്ല. പരുക്കാണ് ധവാന് വിനയായത്.
 
ആദ്യ ടെസ്റ്റിനിടെ ശിഖര്‍ ധവാന്‍റെ വലതുകൈക്ക് പരുക്കേല്‍ക്കുകയായിരുന്നു. കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാലുമുതല്‍ ആറാഴ്ച വരെ ശിഖര്‍ ധവാന്‍ വിശ്രമിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. 
 
അടുത്ത രണ്ടു ടെസ്റ്റുകളിലും ശിഖര്‍ ധവാന്‍ ടീമില്‍ ഉണ്ടായിരിക്കില്ലെന്ന് ബി സി സി ഐ വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടിയിരുന്നു. വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
 
ശിഖര്‍ ധവാന് പകരം ഓള്‍റൗണ്ടറായ സ്റ്റുവര്‍ട്ട് ബിന്നിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമിന് ബാറ്റിംഗിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും എതിര്‍ ടീമിനെ കുഴക്കാന്‍ പോകുന്ന ഒരു ബൌളറെ ലഭിക്കുന്നതിനും ബിന്നിയെ ഉള്‍പ്പെടുത്തിയതിലൂടെ സാധിക്കുമെന്നാണ് ബി സി സി ഐ കണക്കുകൂട്ടുന്നത്. 
 
ഇതിനോടകം മൂന്നു ടെസ്റ്റുകളാണ് ബിന്നി കളിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ ബിന്നിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നോട്ടിങ്ഹാമില്‍ അരങ്ങേറ്റ മല്‍സരത്തില്‍ ബിന്നി നേടിയ 78 റണ്‍സ് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക