ഇത് പുതിയ ചരിത്രം; മൂന്നൂറാം ഏകദിനത്തില്‍ റെക്കോർഡ് നേട്ടവുമായി എം എസ് ധോണി

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (11:10 IST)
മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിനുടമയായി എം.എസ്. ധോണി. തന്റെ മൂന്നൂറാം ഏകദിന മൽസരത്തിലാണ് ഏറ്റവുമധികം ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന ബാറ്റ്സ്മാൻ എന്ന റെക്കോര്‍ഡ് ധോണി സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഷോൺ പൊള്ളോക്കിനും ശ്രീലങ്കയുടെ ചാമിന്ദ വാസിനുമൊപ്പം 72 നോട്ടൗട്ടുകളുമായി മുന്നിട്ടുനിന്നിരുന്ന ധോണി കഴിഞ്ഞ ദിവസത്തെ പ്രകടനത്തിലൂടെയാണ് ഇരുവരേയും പിന്തള്ളി ഒന്നാമതെത്തിയത്. 
 
ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 49 റൺസെടുത്ത ധോണി അവസാനപന്തിൽ മനീഷ് പാണ്ഡെയ്ക്ക് അർധസെഞ്ചുറി തികക്കാനുള്ള അവസരം നൽകുകയും ചെയ്തു. ഈ പരമ്പരയില്‍ വിമർശകരുടെ വായടപ്പിച്ച പ്രകടനത്തിലൂടെ ഫോമിലെത്തിയ ധോണി രണ്ടും മൂന്നും ഏകദിനങ്ങളിലെ ഇന്ത്യൻ വിജയത്തിൽ നിര്‍ണായക പങ്കാണ് വഹിച്ചത്. രണ്ടാം ഏകദിനത്തിൽ മറ്റൊരു റെക്കോര്‍ഡ് കൈവരിച്ച ധോണി ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ നാലാമത്തെ താരവുമായി. 
 
സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ഏറ്റവുമധികം റൺസ് നേടിയവരുടെ ഇന്ത്യൻ നിരയിൽ മുന്നിലുള്ളത്. ഏറ്റവുമധികം സ്റ്റംപിങ് നടത്തിയ താരങ്ങളിൽ ഒന്നാംസ്ഥാനത്താണു നിലവിൽ ധോണി. ശ്രീലങ്കയുടെ മുൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്ന ധോണി 99 പേരെ സ്റ്റംപ് ചെയ്തു പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
 
അതേസമയം, തന്റെ മുന്നൂറാം മത്സരത്തിനിറങ്ങിയ എം.എസ്.ധോണിയ്ക്ക് പ്ലാറ്റിനത്തിന്റെ ബാറ്റായിരുന്നു നായകന്‍ വിരാട് കോഹ്ലി നല്‍കിയത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ മത്സരത്തിന് മുന്നോടിയായി നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ധോണിയെ ആദരിച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഷാര്‍ദുല്‍ ഠാക്കൂറിന് വിശാസ്ത്രിയായിരുന്നു ക്യാപ് നല്‍കിയത്.‘ ഇവിടെ കൂടി നില്‍ക്കുന്നവരില്‍ 90 ശതമാനം പേരും താങ്കളുടെ കീഴില്‍ അരങ്ങേറിയവരാണെന്നും താങ്കളായിരിക്കും എന്നും ഞങ്ങളുടെ നായകന്‍’ എന്നുമാണ് ധോണിയ്ക്ക് ഉപഹാരം കൈമാറി കൊണ്ട് വിരാട് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article