‘മിശ്ര’ കുംബ്ലേയ്ക്ക് പിന്‍‌ഗാമി

PTIPTI
ചിത്രം മൊഹാലിയില്‍ ഓസ്ട്രേലിയയും ഇന്ത്യയും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. ഒന്നാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ഓസീസ് ഓപ്പണര്‍ സൈമണ്‍ കാറ്റിച്ച് ടെസ്റ്റില്‍ അരങ്ങേറ്റക്കാരനായ ഇന്ത്യന്‍ ലെഗ് സ്പിന്നറെ കാര്യമായി ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഏറെ താമസിയാതെ തന്നെ കാറ്റിച്ച് ഈ പയ്യന്‍റെ പന്തില്‍ പിഴവ് വരുത്തി വിക്കറ്റ് നല്‍കി മടങ്ങി. അമിത് മിശ്ര എന്ന ലെഗ് സ്പിന്നറുടെ പ്രതിഭ ഇവിടെ തിരിച്ചറിയപ്പെടുക ആയിരുന്നു.

ലോക ചാമ്പ്യന്‍‌മാരായ ഓസീസിന്‍റെ തകര്‍ച്ച ഇവിടെ തുടങ്ങി. ഈ തകര്‍ച്ച അവസാനിച്ചത് 17 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഓസീസിന്‍റെ ഏറ്റവും വലിയ പരാജയത്തിലേക്ക് ആയിരുന്നു. ലോക ചാമ്പ്യന്‍മാരെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ നാണം കെടുത്തിയ ടെസ്റ്റില്‍ ശ്രദ്ധിക്കപ്പെട്ടത് അമിത് മിശ്ര എന്ന ഡല്‍ഹിക്കാരനായ പുതുമുഖമായിരുന്നു.

പരിക്കു മൂലം തനിക്ക് അവസരം നല്‍കിയ നായകന്‍ അനില്‍ കുംബ്ലേയുടെ യഥാര്‍ത്ഥ പിന്‍‌ഗാമിയാകാന്‍ അര്‍ഹതയുള്ള ആള്‍ എന്ന വിളിച്ചു പറയുന്ന പ്രകടനമായിരുന്നു 25 കാരന്‍ നടത്തിയത്. അതേ ഇന്നിംഗ്‌സില്‍ ലെഗ് ബ്രേക്കുകളും ഗൂഗ്ലികളും അനായാസമായി തൊടുത്ത് കംഗാരുക്കളെ വിഷമിപ്പിച്ച പയ്യന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചാണ് കളം വിട്ടത്. രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി നേട്ടം ഏഴാക്കി.

ഡല്‍‌ഹിയില്‍ ജനിക്കുകയും ഹരിയാനയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്യുന്ന മിശ്ര റണ്ണപ്പിലും ബൌളിംഗ് സ്റ്റൈലിലും ആക്ഷനിലും ഷെയിന്‍ വോണിനെ അനുസ്മരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വോണിന്‍റെ പ്രതിഭയോടാണ് നിരീക്ഷകര്‍ മിശ്രയെ താരതമ്യപ്പെടുത്തുന്നത്. മിശ്രയുടെ മികവ് ഒരു പുലരിയില്‍ ഉണ്ടായ ഒന്നല്ല. ക്യാപ്സൂള്‍ ക്രിക്കറ്റിന്‍റെ വിപണിയായ ഐ പി എല്ലിലെ ആദ്യ ഹാട്രിക്കിന് ഉടമ കൂടിയാണ് മിശ്ര.

PTIPTI
സെവാഗിന്‍റെ ഡല്‍‌ഹി ഡേര്‍ ഡെവിള്‍സ് താരമായ മിശ്ര ഹാട്രിക് കണ്ടെത്തിയത് ഗില്ലി, സൈമണ്‍സ്, രോഹിത് ശര്‍മ്മ, വി വി എക്സ് ലക്‍ഷ്മണ്‍ എന്നിവര്‍ നിരന്ന ഡക്കാണ്‍ ചാര്‍ജ്ജേഴ്സിനെതിരെ ആയിരുന്നു. ഡെക്കാണ്‍ ചാര്‍ജ്ജേഴ്സിനെതിരെ ബൌളിംഗ് അവസാനിപ്പിക്കുമ്പോള്‍ 4-0-17-5 ഇങ്ങനെയായിരുന്നു മിശ്രയുടെ ഫിഗര്‍.

നേരത്തേ തന്നെ ടീമില്‍ സ്ഥാനം നേടിയിരുന്നു എങ്കിലും കളിക്കാനായിരുന്നില്ല. കരീബിയന്‍ പര്യടനത്തിനായി 2002 ല്‍ പോയ ഇന്ത്യന്‍ ടീമിലായിരുന്നു ആദ്യമെത്തിയത്. എന്നാല്‍ പിറ്റേ വര്‍ഷം ടി വി എസ് കപ്പില്‍ താരം കളിച്ചു. ഇത് ധാക്കയിലേക്കും അവസരം നല്‍കി. എന്നാല്‍ ഇവിടെയൊന്നും ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞില്ല.

ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും കളിച്ചിട്ടുള്ള അമിത് മിശ്ര ടെസ്റ്റില്‍ ഏഴും ഏകദിനത്തില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ട്വന്‍റി20 മത്സരങ്ങളില്‍ 15 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അമിത് മിശ്ര 15 ഇന്നിംഗ്സുകളില്‍ നിന്നായി 305 പന്തുകളില്‍ 337 റണ്‍സും 26 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഹരിയാനയ്ക്കും ഇന്ത്യാ ബ്ലൂവിനായും ആഭ്യന്തര ക്രിക്കറ്റില്‍ പങ്കാളിയായിട്ടുള്ള അമിത് മിശ്ര 78 ഫസ്റ്റ്ക്ലാസ്സ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 104 ഇന്നിംഗ്‌സുകളിലായി ഒരു അര്‍ദ്ധശതകം ഉള്‍പ്പടെ 1695 റണ്‍സ് നേടിയിട്ടുണ്ട്. 66 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ 310 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.