എന്നും ഒഴുകുന്നൊരു നദിയാണ് ലാറ, ഒരുപക്ഷേ സച്ചിനേക്കാള്‍ മികച്ച നദി!

വ്യാഴം, 3 മെയ് 2018 (15:23 IST)
ക്രിക്കറ്റില്‍ നമ്മള്‍ ആരെയും താരതമ്യം ചെയ്യുന്നത് ക്രിക്കറ്റ് ദൈവത്തോടൊപ്പമാണ്. സച്ചിനൊപ്പം റണ്‍സ് നേടിയിട്ടുണ്ടോ? സച്ചിന്‍റെയത്ര ഗെയിം കളിച്ചിട്ടുണ്ടോ? സച്ചിനോളം റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ടോ? സച്ചിനെപ്പോലെ... സച്ചിന്‍... സച്ചിന്‍... സച്ചിന്‍...
 
ഇങ്ങനെ പോകും താരതമ്യങ്ങള്‍. പക്ഷേ എല്ലാ താരതമ്യങ്ങള്‍ക്കും അതീതനായൊരാള്‍ സച്ചിന്‍റെ സമകാലീനനായി ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു. സാക്ഷാല്‍ ബ്രയാന്‍ ലാറ. ബാറ്റിംഗ് അനായാസതയില്‍, ഭംഗിയില്‍ എല്ലാം അയാള്‍ സച്ചിനേക്കാള്‍ മുന്നിലാണെന്ന് പറയാന്‍ ഒരു സംശയവും വേണ്ട.
 
സച്ചിനേക്കാള്‍ എന്നത് മാറ്റിനിര്‍ത്താം. ഈ പറഞ്ഞ സവിശേഷതയില്‍ ബ്രയാന്‍ ലാറ, ബ്രാഡ്‌മാനെക്കാളും വിവിയന്‍ റിച്ചാഡ്സിനെക്കാളും ഗവാസ്കറിനെക്കാളും ബോര്‍ഡറെക്കാളും സ്റ്റീവ് വോയെക്കാളും പോണ്ടിങ്ങിനെക്കാളുമെല്ലാം മുന്നില്‍ തന്നെ. തനിക്ക് തോന്നുന്ന രീതിയില്‍, അലസഭംഗിയോടെ, ബാറ്റ് വീശിയാണ് ലാറ ലോക ക്രിക്കറ്റില്‍ കിരീടം വയ്ക്കാത്ത രാജാവായത്.
 
ആര്‍ക്ക് മറക്കാനാവും 2001-2002ലെ വെസ്റ്റിന്‍ഡീസിന്‍റെ ശ്രീലങ്കന്‍ പരമ്പര? അന്ന് ലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് ലാറ വാരിക്കൂട്ടിയത് 688 റണ്‍സാണ്! എന്നാല്‍ ആ മൂന്ന് ടെസ്റ്റുകളിലും വിന്‍ഡീസിന് പരാജയമായിരുന്നു വിധി എന്നത് നിര്‍ഭാഗ്യകരവും ഒപ്പം തന്നെ കൌതുകകരവുമായ കാര്യം.
 
ബ്രയാന്‍ ലാറയുടെ നാല്‍പ്പത്തൊമ്പതാം ജന്‍‌മദിനമായിരുന്നു ബുധനാഴ്ച. സാധാരണയായി ജന്‍‌മദിനങ്ങളില്‍ മാത്രം ഓര്‍ക്കപ്പെടുന്ന പ്രൊഫൈലുകളായി ക്രിക്കറ്റ് താരങ്ങള്‍ മാറിപ്പോകുമ്പോള്‍ ഓരോ ദിവസവും ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ആനന്ദമായി നിറയുന്നു എന്നതാണ് ലാറയുടെ പ്രത്യേകത. ബ്രയാന്‍ ലാറ ഒരു ആനന്ദകരമായ ക്രിക്കറ്റ് ജീവിതം നയിച്ചു എന്ന അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് കാലത്തെ ചുരുക്കിപ്പറയാം. കാരണം കാണികളെ ആനന്ദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിംഗ്. കാണികളെ ആനന്ദിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്‍ഷ്യവും.
 
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിനെ ലോകത്തിന്‍റെ നെറുകയിലെത്തിക്കുകയായിരുന്നു ബ്രയാന്‍ ലാറയുടെ വലിയ സ്വപ്നം. എന്നാല്‍ അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. ആ സ്വപ്നം അവശേഷിച്ചപ്പോഴും ലോകക്രിക്കറ്റിന്‍റെ ഇതിഹാസതാരങ്ങളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ, പുഞ്ചിരിയോടെ, തന്‍റെ ശരീരത്തിലെ ഒരവയവമെന്നവണ്ണം ക്രിക്കറ്റ് ബാറ്റ് ചേര്‍ത്തുപിടിച്ച് ബ്രയാന്‍ ലാറ നില്‍പ്പാണ്!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍