സെഞ്ച്വറികള്‍ പിറന്ന കറാച്ചി

ബുധന്‍, 25 ഫെബ്രുവരി 2009 (20:25 IST)
പാകിസ്ഥാന്‍ - ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനിലയില്‍ ആയെങ്കിലും റെക്കോഡുകളുടെ പെരുമയിലാണ് കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയം. അഞ്ചു ദിവസങ്ങളിലായി ഇവിടെ പിറന്നത് ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും രണ്ട് ഇരട്ടസെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ്. ആറ് അര്‍ദ്ധസെഞ്ച്വറികള്‍ക്കും കറാച്ചി സാക്ഷിയായി.

ലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയും തിലന്‍ സമരവീരയും തുടക്കമിട്ട സെഞ്ച്വറിക്കൊയ്ത്ത് പാക് ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ ട്രിപ്പിള്‍ സെഞ്ച്വറിയിലൂടെ പൊലിപ്പിച്ചു. ഒടുവില്‍ കമ്രാന്‍ അക്മലിന്‍റെ ശതകത്തോടെയാണ് കറാച്ചിയില്‍ സെഞ്ച്വറി മഴ പെയ്തു തോര്‍ന്നത്.

കളിയുടെ ആദ്യ രണ്ടു ദിനങ്ങളില്‍ ജയവര്‍ധനെയും സമരവീരയുമായിരുന്നു ശ്രദ്ധാകേന്ദ്രങ്ങളെങ്കില്‍ മൂന്നാം ദിനം അത് മാറി. പാക് ക്യാപ്റ്റന്‍ യൂനിസ് ഖാനിലായിരുന്നു എല്ലാ കണ്ണുകളും. ടെസ്റ്റിലെ വ്യക്തിഗത സ്കോര്‍ 300 കടത്തി യൂനിസ് കാണികള്‍ക്ക് ഹരമായി മാറി. കളിയുടെ അവസാന ദിനത്തില്‍ ഫെര്‍ണാണ്ടോയ്ക്ക് മുന്നില്‍ കീഴ്ടങ്ങുമ്പോള്‍ 313 ആയിരുന്നു യൂനിസിന്‍റെ സ്കോര്‍. ട്രിപ്പിള്‍ സെഞ്ച്വറി കുറിക്കുന്ന മൂന്നാമത്തെ പാക് താരമായി യൂനിസ്.

കമ്രാന്‍ അക്മലിന്‍റെ സെഞ്ച്വറിയും യാസിര്‍ അരാഫത്തിന്‍റെ അര്‍ദ്ധസെഞ്ച്വറിയും കൂടിയായപ്പോള്‍ പാക് സ്കോര്‍ 765 ലെത്തി. പാകിസ്ഥാനില്‍ ആദ്യമായിട്ടാണ് ഒരു ടീം ടെസ്റ്റില്‍ 700 റണ്‍സ് മറികടക്കുന്നത്. 1989ല്‍ ലാഹോറില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ കുറിച്ച 699 റണ്‍സായിരുന്നു ഇതിനു മുന്‍പുള്ള ഉയര്‍ന്ന സ്കോര്‍.

ഇരട്ടസെഞ്ച്വറികള്‍ നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയും (240) സമരവീരയും(231) മറ്റൊരു റെക്കോഡും സൃഷ്ടിച്ചു. 108.3 ഓവര്‍ ക്രീസില്‍ നിറഞ്ഞുനിന്ന ഇരുവരും 437 റണ്‍സാണ് ലങ്കയ്ക്ക് നല്‍കിയത്. നാലാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 52 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇവര്‍ തകര്‍ത്തത്. ഇംഗ്ലണ്ടിന്‍റെ പീറ്റര്‍ മെയും കൊളിന്‍ കൌഡ്രെയും 1957 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ കുറിച്ച 411 റണ്‍സായിരുന്നു ഇതിനു മുന്‍പുള്ള റെക്കോഡ്.

വെബ്ദുനിയ വായിക്കുക