സച്ചിനും റിക്കിക്കും കഴിയാത്തത് കാലിസിന് സാധിച്ചു

തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (09:43 IST)
PTI
വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസിന് സെഞ്ച്വറി. വെടിക്കെട്ട് ബാറ്റിംഗിലൂടെ 115 റണ്‍സ് നേടിയ കാലിസ് ജഡേജയുടെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി പവലിയനിലേക്ക് മടങ്ങി.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോ മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിംഗിനോ നേടാന്‍ കഴിയാത്ത നേട്ടമാണ് കാലിസ് ദര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നേടിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഹാഷിം അംല പുറത്തായപ്പോള്‍ ബാറ്റിംഗിന് ഇറങ്ങിയ കാലിസിന് ഇന്ത്യന്‍ നായകന്‍ ധോണിയുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയായിരുന്നു സ്വീകരിച്ചത്.

ഈ ടെസ്റ്റ് പരമ്പരയില്‍ തന്നെയായിരുന്നു കാലിസ് തന്റെ 200മത്തെ ക്യാച്ച് എടുത്തത്. 166 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാലിസ് ടെസ്റ്റില്‍ 200 ക്യാച്ചുകള്‍ എടുക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്. 13174 റണ്‍സുമായി ടെസ്റ്റ് സ്‌കോറില്‍ നാലാമതും 292 വിക്കറ്റുമായി വിക്കറ്റ് ടേക്കിംഗില്‍ 29മതുമാണ് കാലിസ്.

കാലിസിന്റെ സെഞ്ച്വറിയുടെയും അല്‍വീറോ പീറ്റേഴ്‌സണ്‍, റോബിന്‍ പീറ്റേഴ്‌സണ്‍, ഡിവില്ലിയേഴ്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 500 റണ്‍സിന് പുറത്തായി. 155.2 ഓവറുകള്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ ആറു വിക്കറ്റും, സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റും, മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി. അതേസമയം ദക്ഷിണാഫ്രിക്കയുടെ 166 റണ്‍സ് ലീഡിന് മറുപടി ബാറ്റംഗിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 എന്ന നിലയിലാണ് ആറു റണ്‍ നേടിയ മുരളി വിജയും 19 റണ്‍സെടുത്ത ശിഖര്‍ ധവാനനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്.

വെബ്ദുനിയ വായിക്കുക