ശ്രീശാന്ത് ആദ്യ ടെസ്റ്റിനുമില്ല

Webdunia
വ്യാഴം, 28 ജനുവരി 2010 (13:03 IST)
PRO
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനിടെ കൈക്കുഴയ്ക്ക് പരുക്കേറ്റ പേസ് ബൌളര്‍ ശ്രീശാന്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാഗ്‌പൂരില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും കളിക്കില്ല. കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനു മുന്‍പ് ശാരീരികക്ഷമത വീണ്ടെടുക്കാനാകുമെന്ന് ഇപ്പോള്‍ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന ശ്രീശാന്ത് പറഞ്ഞു.

പരുക്കില്‍ നിന്ന് മോചിതനാവുകയാണെന്നും രണ്ടാം ടെസ്റ്റിലും ഏകദിന പരമ്പരയിലും കളിക്കാനാവുമെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിനു പകരം സുദീപ് ത്യാഗി ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടുമെന്നാണ് കരുതുന്നത്.

ശ്രീശാന്തിനു പുറമെ മധ്യനിര ബാറ്റ്‌സ്മാന്‍‌മാരായ യുവരാജ് സിംഗ്, വി വി എസ് ലക്‍ഷ്മണ്‍ എന്നിവരും പരുക്കിന്‍റെ പിടിയിലായത് ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. ഇന്നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്.