ശ്രീശാന്തിന്റെ പേരില്‍ കമ്പ്യൂട്ടര്‍ വൈറസ്

Webdunia
തിങ്കള്‍, 3 ജൂണ്‍ 2013 (15:12 IST)
PRO
PRO
ശ്രീശാന്തിന്റെ പേരില്‍ വ്യാപകമായി കമ്പ്യൂട്ടര്‍ വൈറസ് പ്രചരിക്കപ്പെടുന്നു. ആന്റി വൈറസ് നിര്‍മാതാക്കളായ മക്അഫിയാണു ശ്രീശാന്തിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ അപകടകാരിയായ വൈറസ് പ്രചരിക്കുന്നതായി മുന്നറിയിപ്പു നല്‍കുന്നത്.

ശ്രീശാന്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് വൈറസിനെ വികസിപ്പിച്ചെടുത്തതെന്ന് കരുതുന്നു. ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു അറസ്റ്റിലായതുകൊണ്ട് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്നത് ശ്രീശാന്തിനെയാണ്.

പല ക്രിക്കറ്റുകളിക്കാരുടെ പേരിലും ഇന്റര്‍നെറ്റ് ലോകത്തു അപകടകാരിയായ വൈറസുകളുണ്ട്. വൈറസുകളുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ക്രിസ് ഗെയ്‌ലിനാണ് ഒന്നാം സ്ഥാനം. ഇപ്പോള്‍ ഏറ്റവും അപകടകാരിയായതും ഗെയിലിന്റെ പേരിലുള്ള വൈറസ് തന്നെ. ഐപിഎല്‍ ആറാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ് ഗെയ്‌ലിനെ നിരവധി പേര്‍ നെറ്റില്‍ തിരയുന്നുണ്ട്. തെരച്ചിലില്‍ ശ്രീശാന്തിനു മൂന്നാം സ്ഥാനമാണുള്ളത്.

വൈറസ് ഭീഷണിയുള്ളതിനാല്‍ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, വാര്‍ത്തകള്‍ മുതലായവ തിരയുമ്പോള്‍ സൂക്ഷിക്കണം എന്നും മക്‌അഫി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.