വെസ്റ്റിന്‍ഡീസ് പൊരുതുന്നു

വ്യാഴം, 19 ഫെബ്രുവരി 2009 (10:09 IST)
PRO
വിഡ്സണ്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു. കളി തീരാന്‍ ഒരു ദിനം മാത്രം ശേഷിക്കെ രണ്ടാമിന്നിംഗ്സില്‍ വിന്‍ഡീസിന് ജയിക്കാന്‍ 360 റണ്‍സ് കൂടി വേണം. നേരത്തെ രണ്ടാമിന്നിംഗ്സില്‍ എട്ട് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തിരുന്നു.

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുത്തിട്ടുണ്ട്. 47 റണ്‍സുമായി രാംനരേശ് സര്‍വനും 18 റണ്‍സുമായി ശിവ നാരായണ്‍ ചന്ദര്‍പോളുമാണ് ക്രീസില്‍. ഗെയ്‌ല്‍--സ്മിത്ത് സഖ്യം നല്‍കിയ ഭേദപ്പെട്ട തുടക്കത്തില്‍ നിന്നായിരുന്നു വിന്‍‌ഡീസ് രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ചത്. ഗെയ്‌ല്‍ 46 ഉം സ്മിത്ത് 21 ഉം റണ്‍സെടുത്തു. 6 റണ്‍സെടുത്ത ഹിന്‍‌ഡ്സിന്‍റെ വിക്കറ്റാണ് വിന്‍ഡീസിന് പിന്നീട് നഷ്ടപ്പെട്ടത്.

ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയ ഇഗ്ലണ്ടിന് രണ്ടാമിന്നിംഗ്സില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. 58 റണ്‍സെടുത്ത കുക്ക് ആണ് ടോപ് സ്കോറര്‍. പീറ്റേഴ്സണ്‍ 32 ഉം കോളിംഗ്‌വുഡ് 34 ഉം റണ്‍സെടുത്തു.

വെസ്റ്റിന്‍ഡീസിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോര്‍ 285 റണ്‍സില്‍ ഒതുങ്ങിയിരുന്നു. 57 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ വീഴ്ത്തിയ സ്വാന്‍ ആയിരുന്നു വിന്‍ഡീസിന് ഭീഷണിയായത്. ഇംഗ്ലണ്ട് ബൌളര്‍മാ‍ര്‍ ഫോമിലേക്കുയരുകയാണെങ്കില്‍ വിന്‍ഡീസിന്‍റെ കാര്യം പരുങ്ങലിലാകും. പരമ്പരയില്‍ ഇപ്പോള്‍ വിന്‍ഡീസ് 1--0ത്തിന് മുന്നിട്ട് നില്‍ക്കുകയാണ്. ഈ കളി വിജയിച്ച് സമനില നേടാനാണ് ഇംഗ്ലണ്ടിന്‍റെ ശ്രമം.

വെബ്ദുനിയ വായിക്കുക