വിന്‍ഡീസ് രക്ഷപെട്ടു

വെള്ളി, 20 ഫെബ്രുവരി 2009 (12:58 IST)
വിഡ്സണ്‍ ട്രോഫിക്ക് വേണ്ടിയുള്ള ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. മഴ മൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ഉച്ചഭക്ഷണ സമയം വരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നിന്നതാണ് വിന്‍ഡീസിന് തുണയായത്.

സെഞ്ച്വറി നേടിയ രാംനരേഷ് സര്‍വണും ആര്‍ദ്ധസെഞ്ച്വറി നേടിയ ശിവനാരായണ്‍ ചന്ദര്‍പോളുമാണ് വെസ്റ്റിന്‍ഡീസിനെ രക്ഷിച്ചത്. വിജയം ഏഴ് വിക്കറ്റുകള്‍ മാത്രം അകലെയായിരുന്ന ഇംഗ്ലണ്ടിന് ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ കാര്യമായി ഒന്നും ചെയ്യാനായില്ല.

ഉച്ചഭക്ഷണത്തിന് ശേഷം ഈ സഖ്യത്തെ പിരിക്കാനായെങ്കിലും പിന്നീടെത്തിയ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ സ്കോര്‍ നില ചലിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 370 റണ്‍സ് നേടിയാണ് വിന്‍ഡീസ് കളമൊഴിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസിന്‍റെ അഞ്ചു വിക്കറ്റുകള്‍ കൊയ്ത സ്വാന്‍ രണ്ടാമിനിംഗ്സില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബോര്‍ഡും മൂന്ന് വിക്കറ്റുകള്‍ നേടി.

അഞ്ച് ടെസ്റ്റുകള്‍ ഉള്ള പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്‍പിലാണ്. ആദ്യ ടെസ്റ്റ് വിന്‍ഡീസ് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ഉപേക്ഷിക്കുകയാ‍യിരുന്നു. ഈ മത്സരത്തില്‍ വിജയിച്ച് വിന്‍ഡീസിന്‍റെ മേധാവിത്വം തകര്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്.

വെബ്ദുനിയ വായിക്കുക