വാലറ്റം കൊണ്ട് കളിച്ച കംഗാരുക്കള്‍; ഭാഗ്യം കളിച്ച ചെന്നൈ ടെസ്റ്റ്

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (17:46 IST)
PRO
ഇരട്ട ക്ലൈമാക്സ് പ്രതീക്ഷിക്കാവുന്ന ഒരു സിനിമ പോലെയായിരുന്നു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീ‍മിന്റെ പ്രകടനം. ഇന്നിംഗ്സ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കേ ഹെന്‍റിക്വസ്-ലിയോണ്‍ പത്താംവിക്കറ്റ് ജോഡിയെ പുറത്താക്കി നാലാംദിനം ഇന്നിംഗ്സ് വിജയമാഘോഷിക്കാന്‍ ടീം ഇന്ത്യയ്ക്കായില്ല.

ഇതിനു കാരണമായതോ 192 റണ്‍സിന്‍െറ ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങിയശേഷം രണ്ടാമിന്നിംഗ്സില്‍ പാഡുകെട്ടിയ മുന്‍നിര താരങ്ങള്‍ ചെറുപ്പുനില്‍പില്ലാതെ പത്തിമടക്കിയ ക്രീസിലെ അവസാന വിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളും. അവസാന വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹെന്റിക്‌സ്‌- ലിയോണ്‍ ജോഡിയാണ് നാലാം ദിനം ഓസീസ് ഇന്നിംഗ്സിന് അവസാനിപ്പിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.

പോര്‍ചുഗലില്‍ ജനിച്ച ഈ 26കാരന്‍ ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ ഒരു ദിനം ബാക്കിയിരിക്കേ ഇന്ത്യ ഇന്നിംഗ്സ് വിജയത്തിലത്തിയേനേ. പിന്നീട് വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഹെന്‍റിക്വസ് പിടിച്ചുനിന്നതോടെ ഇന്നിംഗ്സ് ജയമെന്ന ആതിഥേയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 124 പന്തു നേരിട്ട ഹെന്‍റിക്വസ് ആറു ഫോറും രണ്ടു കൂറ്റന്‍ സിക്സുമുതിര്‍ത്തപ്പോള്‍ 47 പന്തില്‍ ഒരു ബൗണ്ടറിയടക്കമാണ് ലിയോണ്‍ എട്ടു റണ്‍സെടുത്തത്.

ചെപ്പോക്കില്‍ യഥാര്‍ഥത്തില്‍ കണ്ടത് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മറ്റൊരു വിശ്വരൂപമാണ്. ചെന്നൈയുടെ ചൂടന്‍ പിച്ചില്‍ കളിച്ച് പരിചയമുള്ള സൂപ്പര്‍കിംഗ്സ് നായകന്‍ ധോണിയാണ് നിസാരമായി ഇരട്ട സെഞ്ചുറി സ്വന്തമാക്കിയത്.‍ ഓഫ് സ്പിന്നര്‍ അശ്വിന്‍ 12 വിക്കറ്റ് നേട്ടവുമായി ബൗളിംഗിലും ഒന്നാമതെത്തി.

അശ്വിന്റെ പ്രകടനം എടുത്തുപറയാവുന്നതാണ്. കൃത്യതയാര്‍ന്ന ബൗളിങ് ആയിരുന്നു അദ്ദേഹത്തിന്റേത്. രണ്ടാം ഇന്നിങ്‌സില്‍ ഹര്‍ഭജന്‍ സിങ് മികച്ച നിലവാരം പുലര്‍ത്തി. വിരാട് കോഹ്‌ലിയും സച്ചിനും പുജാരയും അവരുടെ ഭാഗം മികച്ചതാക്കി. സച്ചിന്റെയും കോഹ് ലിയുടേയും പാര്‍ട്‌നര്‍ഷിപ്പ് പ്രധാനപ്പെട്ടതായിരുന്നു. അവരാണ് ടീമിന് അടിത്തറ നല്‍കിയത്.

224 റണ്‍സ് നേടി ധോണിയാണ് മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടം അണിഞ്ഞത്. ജെയിംസ് പാറ്റിന്‍സന്റെ പന്ത് സ്ക്വയര്‍ ലെഗ് ബൗണ്ടറി കടത്തിയാണ് കോഹ്ലി തന്റെ കരിയറിലെ നാലാമത്തെയും ഓസ്ട്രേലിയക്കെതിരായ രണ്ടാമത്തെയും സെഞ്ചുറി തികച്ചത്.

ഒന്നാമിന്നിങ്സില്‍ ഉറങ്ങി പന്തെറിഞ്ഞ ഹര്‍ഭജന്‍ പക്ഷേ, രണ്ടാമിന്നിങ്സില്‍ ഉണര്‍വു കാട്ടി. ജാഗ്രതയോടെ പിടിച്ചുനിന്ന അപകടകാരിയായ ഡേവിഡ് വാര്‍നറെ (23) കിറുകൃത്യമായ എല്‍ബിഡബ്ള്യുവിലൂടെ മടക്കിയ ഹര്‍ഭജന് തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെ (എട്ട്) സ്വീപ് ഷോട്ടിനുള്ള ശ്രമത്തിനിടെ ക്ളീന്‍ബൗള്‍ഡാക്കി.

ഓസ്‌ട്രേലിയക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കുതന്നെയാണ് വിജയസാധ്യതയെന്ന് മുന്‍ സെലക്ഷന്‍ കമ്മറ്റിയിലംഗമായിരുന്ന കിരണ്‍മോറെ വിലയിരുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ടീമില്‍ നല്ല സ്പിന്നര്‍മാരില്ലാത്തതും ഇന്ത്യക്ക് ഗുണംചെയ്യുമെന്നും ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാരെ അപേക്ഷിച്ച് വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍മാര്‍ക്കുണ്ടെന്ന് കരുതുന്നില്ലെന്നും 500നു മുകളില്‍ റണ്‍സെടുക്കാന്‍ കഴിയണമെന്നും മോറെ പറഞ്ഞിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ ആറ് വരെ ഹൈദരാബാദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അടുത്ത പരമ്പര നടക്കുന്നത്.