വാഡ: ഐസിസി - ബിസിസിഐ ചര്‍ച്ച നടത്തും

വെള്ളി, 31 ജൂലൈ 2009 (17:49 IST)
പുതിയ മയക്കുമരുന്ന് നിയന്ത്രണ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ പ്രതിനിധി ബി സി സി ഐ മേധാവികളുമായി ശനിയാഴ്ച ചര്‍ച്ച നടത്തും. കളിക്കാരുടെ സ്വകാര്യതയിലുള്ള കൈകടത്തലാണ് നിയമം എന്നാരോപിച്ച് ഇന്ത്യന്‍ താരങ്ങള്‍ നിയമത്തില്‍ ഒപ്പിടാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഐ സി സി അഭിഭാഷകന്‍ ഇന്ത്യയിലെത്തുന്നത്.

ഐ സി സിയുടെ ഭരണ വിഭാഗം അഭിഭാഷകന്‍ ഇയാന്‍ ഹിഗ്ഗിന്‍സ് ആണ് ബി സി സി ഐ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയെന്ന് ഐ സി സി ചീഫ് എക്സിക്യൂട്ടീവ് ഹാരൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു. വേള്‍ഡ് ആന്‍റി ഡോപിങ് ഏജന്‍സി(വാഡ) നിയമം നടപ്പാക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ബി സി സി ഐയെ ധരിപ്പിക്കുമെന്നും ലോര്‍ഗറ്റ് അറിയിച്ചു.

കളിക്കാര്‍ എവിടെയാണുള്ളതെന്ന് ഒണ്‍ലൈന്‍ വഴി ഐ സി സിയെ അറിയിക്കണമെന്ന് വാഡ നിഷ്കര്‍ഷിക്കുന്നു. ഇന്ത്യന്‍ കളിക്കാര്‍ ഒഴികെ എല്ലാവരും അതിന് തയ്യാറാണെന്ന് ലോര്‍ഗറ്റ് പറഞ്ഞു. തങ്ങളുടെ സ്വകാര്യ ജീവിതത്തിലുള്ള കടന്നുകയറ്റമാണെന്നാരോപിച്ചാണ് ഇന്ത്യന്‍ കളിക്കാര്‍ നിയമം നടപ്പിലാക്കാന്‍ സമ്മതിക്കാത്തത്. സ്വകാര്യ, പ്രൊഫഷണല്‍ പദ്ധതികള്‍ക്കനുസരിച്ച് തങ്ങള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളില്‍ മാറ്റം വരുമെന്നും കളിക്കാര്‍ വാദിക്കുന്നു.

കളിക്കാരുടെ ആശങ്കകള്‍ ഐ സി സി മനസിലാക്കുന്നുണ്ട്. കളിയുടെ സത്യസന്ധതയ്ക്ക് വാഡ നിയമം അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. നിയമം ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നിയമം നടപ്പിലാക്കിയ ഈ സമയത്ത് ഇന്ത്യന്‍ കളിക്കാരൊഴികെ എല്ലാ രാജ്യത്തെ കളിക്കാരും സഹകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കളിക്കാരുടെ ആശങ്ക വാസ്തവമാണ് അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തികച്ചും വ്യക്തിപരമായി വെളിപ്പെടുത്താന്‍ പാടില്ലാത്ത വിവരമാണെങ്കില്‍ കളിക്കാരെ അതിന് അനുവദിക്കും. ഈ വര്‍ഷം അവസാനത്തോടെ നിയമത്തില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്താന്‍ ഐ സി സി ആലോചിക്കുന്നതായി ലോര്‍ഗറ്റ് വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക