വനിതാ ലോകകപ്പ്: ഇന്ത്യക്കു 32 റണ്‍സിന്റെ തോല്‍വി

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2013 (10:11 IST)
PRO
ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യക്കു തോല്‍വി. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനോട്‌ 32 റണ്‍സിന്റെ തോല്‍വിയാണ്‌ ഗ്രൂപ്പ്‌ എയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏറ്റുവാങ്ങിയത്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 273 റണ്‍സിന്റെ വിജയലക്ഷ്യമാണ്‌ ഇന്ത്യക്കു മുന്നില്‍ വച്ചത്‌. ക്യാപ്‌റ്റന്‍ ഷാര്‍ലറ്റ്‌ എഡ്‌വേര്‍ഡ്‌സ്‌(109) സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ട്‌ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുയര്‍ത്താന്‍ സഹായകമായത്.

കരിയറിലെ ഏഴാം സെഞ്ചുറി കുറിച്ച എഡ്‌വേര്‍ഡ്‌സ്‌ വനിതാ ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തുകയും ചെയ്‌തു. വിജയലക്ഷ്യം പിന്തുടര്‍ന്ന്‌ ഇന്ത്യക്ക്‌ നിശ്‌ചിത അന്‍പതോവറില്‍ ഒന്‍പതു വിക്കറ്റ്‌ നഷ്‌ടപ്പെട്ട്‌ 240 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മധ്യനിരയില്‍ ഹര്‍മാന്‍പ്രീത്‌ കൗറിന്റെ സെഞ്ചുറി ( 107)യും ഇന്ത്യയെ വിജയതീരത്തെത്തിച്ചില്ല. കരുണാ വിജയകുമാര്‍ ജെയ്‌ന്‍ 56 റണ്‍സുമായി കൗറിനു മികച്ച പിന്തുണ നല്‍കിയെങ്കിലും മറ്റുള്ളവര്‍ സമ്മര്‍ദത്തിനു കീഴ്‌പ്പെട്ടതോടെ ലക്ഷ്യത്തിന്‌ 32 റണ്‍സകലെ ഇന്ത്യ പുറത്തായി. ഇന്ത്യക്കുവേണ്ടി ജുലാന്‍ ഗോസ്വാമിയും നിരഞ്‌ജനയും രണ്ടു വിക്കറ്റ്‌വീതം വീഴ്‌ത്തിയിരുന്നു.