രണ്ടാമങ്കത്തിന് ധോനിയും കുട്ടികളും

ശനി, 31 ജനുവരി 2009 (09:51 IST)
PTI
ഇന്ത്യന്‍ ടീം ദാംബുളയില്‍ വച്ചേ നയം വ്യക്തമാക്കി കഴിഞ്ഞു. ഇനി എങ്ങനെ പ്രതിരോധിക്കണം എന്ന് മഹേള ജയവര്‍ദ്ധനയ്ക്കും കൂട്ടുകാര്‍ക്കും തീരുമാനിക്കാം. ഇന്ത്യ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയാണ് ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇറങ്ങുക.

ഇന്നുച്ചയ്ക്ക് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വീരേന്ദ്ര സേവാഗു കൂടി ചേര്‍ന്നാല്‍ വര്‍ദ്ധിത വീര്യത്തിലായിരിക്കും ഇന്ത്യന്‍ പടപ്പുറപ്പാടെന്ന് ഉറപ്പ്. പരുക്കേറ്റ സേവാഗ് കഴിഞ്ഞ ഏകദിനത്തില്‍ കളിച്ചിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനം ആറ് വിക്കറ്റിന് ജയിച്ച ആത്മവിശ്വാസം അടിത്തറ നല്‍കുന്ന പ്രകടനമായിരിക്കും ഇന്ത്യ പുറത്തെടുക്കുന്നത്.

മധ്യനിര താരം രോഹിത്‌ ശര്‍മയാകും സേവാഗിനു പകരം പുറത്തു പോകുക. ആദ്യ മത്സരത്തില്‍ 25 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ശര്‍മ മികച്ച ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്‌. ടീം ഇന്ത്യയില്‍ മറ്റ്‌ മാറ്റങ്ങളൊന്നുമില്ല. മുരളി-മെന്‍ഡിസ് ബൌളിംഗ് കൂട്ടുകെട്ട് രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.

ഒന്നാം ഏകദിനത്തില്‍ വെറ്ററന്‍ ഓപ്പണര്‍ സനത്‌ ജയസൂര്യയുടെ സെഞ്ചുറി മാത്രമായിരുന്നു ലങ്കയ്ക്ക്‌ ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്‌. നായകന്‍ മഹേള ജയവര്‍ധനയുടെ മങ്ങിയ ഫോമും മെന്‍ഡിസ്‌-മുരളി സഖ്യത്തിനു വിക്കറ്റ്‌ കൊയ്യാന്‍ സാധിക്കാതെ പോകുന്നതുമാണ്‌ അവരെ തളര്‍ത്തുന്നത്‌.

എന്നാല്‍ ശ്രീലങ്കയില്‍ ഇന്ന് ഒരു റെക്കോഡ് കൂടി പിറന്നേക്കും. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാന്‍ മുരളിക്ക് ഇനി രണ്ട് വിക്കറ്റികള്‍ കൂടി മതി.

വെബ്ദുനിയ വായിക്കുക