മോര്‍ക്കല്‍ എറിഞ്ഞത് തീയുണ്ട, അക്തറിനെ കടത്തിവെട്ടി!

Webdunia
വ്യാഴം, 18 ഏപ്രില്‍ 2013 (17:04 IST)
PRO
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീം നടുങ്ങി വിറച്ച ഒരു പന്ത്. അത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലെ ദക്ഷിണാഫ്രിക്കന്‍ താരം മോണ്‍ മോര്‍ക്കലിന്‍റെ വകയായിരുന്നു. റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ കഴിഞ്ഞ ദിവസം സൂപ്പര്‍ ഓവറില്‍ മോര്‍ക്കല്‍ എറിഞ്ഞ പന്തിന് വേഗം മണിക്കൂറില്‍ 173.9 കിലോമീറ്റര്‍.

ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തായി അത് മാറുകയും ചെയ്തു. സൂപ്പര്‍ ഓവര്‍ കാണാന്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികള്‍ മോര്‍ക്കലിന്‍റെ പന്തിന്‍റെ വേഗം കണ്ട് അമ്പരന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്പീഡ് ഗണ്‍ റീഡിംഗില്‍ 173.9 എന്ന് കാണിച്ചപ്പോള്‍ ആരവം ഉയര്‍ന്നു.

ബൌളിംഗ് കൊണ്ട് മോര്‍ക്കല്‍ വിറപ്പിച്ചെങ്കിലും ജയിച്ചത് ബാംഗ്ലൂര്‍ ആയിരുന്നു എന്നത് വസ്തുത.

ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞതിന്‍റെ റെക്കോര്‍ഡ് ഇതുവരെ പാകിസ്ഥാന്‍റെ ഷോയബ് അക്തറിന്‍റെ പേരിലായിരുന്നു. മണിക്കൂറില്‍ 160.3 കിലോമീറ്റര്‍ ആയിരുന്നു അക്തറിന്‍റെ പന്തിന്‍റെ വേഗത.

എന്നാല്‍ മോര്‍ക്കലിന്‍റെ ബൌളിംഗ് സ്പീഡ് 170 കടന്നിട്ടില്ലെന്നും ഇത് മെഷീന്‍ തകരാറ്‌ കൊണ്ട് സംഭവിച്ച അബദ്ധമായിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.