ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യക്കായി ആദ്യ വ്യക്തിഗത സ്വര്‍ണ്ണം നേടിയ അഭിനവ് ബിന്ദ്രയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ജന്‍പ്രീയ കായിക ഇനമായ ക്രിക്കറ്റിലെ സുപ്പര്‍ താരങ്ങളുടെ അഭിനന്ദന പ്രവാഹം.
ഇന്ത്യയെ 1983 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കപില്‍ ദേവാണ് ബിന്ദ്രയെ അഭിനന്ദനമറിയിച്ച ആദ്യ ക്രിക്കറ്റ് താരം. തന്‍റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീം 1983 ല്‍ കൈവരിച്ചതിനേക്കാള്‍ വലിയ നേട്ടമാണ് ബിന്ദ്രയുടേതെന്ന് കപില്‍ പറഞ്ഞു. ഇന്ത്യയുടെ കായിക നേട്ടങ്ങളുടെ മഹത്വം പ്രത്യേകമായി വിലയിരുത്താനാവില്ലെങ്കിലും ബിന്ദ്രയുടെ സ്വര്‍ണ്ണ നേട്ടം ഇന്ത്യ കായിക രംഗത്ത് ഇത് വരെ നേടിയ വിജയങ്ങളെയെല്ലാം മറികടക്കുന്നതാണെന്നും കപില്‍ പറഞ്ഞു.
ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയം നേടുകയെന്നത് ഏറെ ശ്രമകരമാണ്. കടുത്ത സമ്മര്‍ദ്ദത്തെയും സൌകര്യങ്ങളുടെ പരിമിതിയെയും ഒക്കെ മറികടന്നാണ് ഇന്ത്യന്‍ താരങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കുന്നത്. ബിന്ദ്രയുടെ വിജയം കായിക താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും കപില്‍ പറഞ്ഞു.
ഏതൊരു ഇന്ത്യക്കാരുനും അഭിമാനിക്കാവുന്ന മൂഹര്‍ത്തമാണ് ബീജിങ്ങിലെ ബിന്ദ്രയുടെ സ്വര്‍ണ്ണ നേട്ടമെന്ന് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ്ങ് ധോനി പറഞ്ഞു. ഏതൊരു കായിക താരവും ആഗ്രഹിക്കുന്ന ഏറ്റവും വലിയ നേട്ടമാണ് ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ആവേശം നല്‍കി പ്രഥമ ട്വന്‍റി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച ധോനിയുടെ അഭിപ്രായം. ബിന്ദ്രയെ വ്യക്തിപരമായി അഭിനന്ദിക്കാന്‍ ആഗ്രഹിക്ക്കുന്നതായും ധോനി പറഞ്ഞു.
ബിന്ദ്രയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും അഭിനവിന്‍റെ നാട്ടുകാരന്‍ കൂടിയായ ഇന്ത്യന്‍ ഏകദിന ടീമിന്‍റെ ഉപനായകന്‍ യുവരാജ് സിങ്ങ് പറഞ്ഞു.