ഐ പി എല്ലില്‍ നിന്ന് പാകിസ്ഥാന്‍ കളിക്കാരെ ഒഴിവാക്കിയതിനു പിന്നില്‍ ഐ പി എല്‍ കമ്മീഷണല്‍ ലളിത് മോഡിയാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട്. ഐ പി എല്ലില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കിയത് ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ബട്ട് വ്യക്തമാക്കി.
ഇത് ഞങ്ങളും ഐ പി എല്ലും തമ്മിലുള്ള പ്രശ്നമാണ്. അതൊരിക്കലും ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തെ ബാധിക്കില്ല. ഐ പി എല്ലില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം മോഡിക്കാണ്. താരങ്ങളെ ലേലത്തില്‍ നിന്ന് ഒഴിവാക്കിയതിനുശേഷവും പാക് താരങ്ങള്‍ക്കെതിരെ ഐ പി എല്‍ അരോപണമുന്നയിക്കുന്നത് തുടരുകയാണ്.
ഈ വിവാദത്തില്‍ മോഡിയുടേ പങ്കെന്താണെന്ന് വിശദീകരിക്കണമെന്നും ബട്ട് പറഞ്ഞു. മോഡി എന്തിനിതു ചെയ്തുവെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. ഇന്ത്യയിലെ ആര്‍ക്കെങ്കിലും ഇത് മനസ്സിലാവുമെന്നും എനിക്കു തോന്നുന്നില്ല. കഴിഞ്ഞ വര്‍ഷം ട്വന്‍റി-20 ലോകകപ്പിനിടെ ലണ്ടനില്‍ വെച്ച് കണ്ടപ്പോള്‍ ഐ പി എല്ലിന്‍റെ രണ്ടാം പതിപ്പില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് മോഡി വിശദീകരണം നല്‍കിയിരുന്നു.
മൂന്നാം പതിപ്പില്‍ എല്ലാ പാക് താരങ്ങളെയും ഉള്‍പ്പെടുത്തുമെന്നും മോഡി വ്യക്തമാക്കിയിരുന്നു. എന്നിട്ടും എന്തിനിതു ചെയ്തുവെന്ന് മനസ്സിലാവുന്നില്ലെന്നും ബട്ട് പറഞ്ഞു.ഐ പി എല്ലില്‍ കളിക്കാന്‍ കളിക്കാര്‍ക്ക് നല്‍കിയ എന്‍ ഒ സി തിരിച്ചെടുക്കുകയാണെന്നും ബട്ട് പറഞ്ഞു. ഇതോടെ ഐ പി എല്‍ മൂന്നാം പതിപ്പില്‍ ഒറ്റ പാക് താരം പോലും കളിക്കില്ലെന്ന് ഉറപ്പായി.