പാക് കളിക്കാരെ ഒഴിവാക്കരുതായിരുന്നു: കിംഗ് ഖാന്‍

തിങ്കള്‍, 25 ജനുവരി 2010 (11:23 IST)
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മുന്നാംഘട്ട ലേലത്തില്‍ നിന്ന് പാകിസ്ഥാന്‍ കളിക്കാരെ ഒഴിവാക്കിയതിനെ ഭൂരിഭാഗം ഫ്രാഞ്ചൈസികളും ന്യായീകരിക്കുമ്പോള്‍ പാക് കളിക്കാരെ ഒഴിവാക്കരുതെന്ന അഭിപ്രായവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാന്‍ രംഗത്തെത്തി. ‘സത്യസന്ധമായും ഞാന്‍ വിശ്വസിക്കുന്നത് പാകിസ്ഥാന്‍ കളിക്കാരെ ഒഴിവാക്കരുതായിരുന്നു എന്നു തന്നെയാണ്. എങ്കിലും ഇതുസംബന്ധിച്ചുയര്‍ന്ന വിവാദങ്ങളെ ഐ പി എല്‍ വളരെ മാന്യമായി തന്നെയാണ് കൈകാര്യം ചെയ്തത്’- കിംഗ് ഖാന്‍ പറഞ്ഞു.

ലേലത്തില്‍ പങ്കെടുത്തിട്ടുണ്ടും ഒരു പാക് താരത്തെപ്പോലും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയില്ലെന്നത് ശരിക്കും അസ്വസ്ഥജനകമാണ്. എല്ലാ ദിവസവും നമ്മള്‍ പാകിസ്ഥാനെയും അവര്‍ തിരിച്ചും കുറ്റം പറയുന്നു. ഇതെല്ലാം മറന്ന് ഇരു രാജ്യങ്ങളും നല്ല അയല്‍ക്കാരായി കഴിയണമെന്നാണ് എന്‍റെ ആഗ്രഹം. എന്‍റെ കുടുംബം പാകിസ്ഥാനിലായിരുന്നു. എന്‍റെ അച്ഛന്‍ ജനിച്ചതും പാകിസ്ഥാനിലായിരുന്നു. ഇതൊന്നും ഒളിച്ചുവെക്കേണ്ട കാര്യമില്ല. പരസ്പര സ്നേഹമാണ് എല്ലാറ്റിനേക്കാളും വലുത്-ഖാന്‍ വ്യക്തമാക്കി.

ആദ്യ ഐ പി എല്‍ എഡിഷനില്‍ പാകിസ്ഥാനില്‍ നിന്നുള്ള അഞ്ചു താരങ്ങളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിച്ചത്. 12 പാക് താരങ്ങളാണ് ഐ പി എല്ലിന്‍റെ മൂന്നാം ഘട്ട ലേലത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഒറ്റ പാക് താരത്തെപ്പോലും ഫ്രാഞ്ചൈസികള്‍ സ്വതമാക്കാഞ്ഞത് വന്‍‌പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാക് താരങ്ങളെ ഒഴിവാക്കിയതിന്‍റെ പേരില്‍ ഐ പി എല്‍ സം‌പ്രേക്ഷണം ബഹ്ഷ്കരിക്കുമെന്ന് പാക് കേബിള്‍ ഓപ്പറേറ്റര്‍മാരും ഇന്ത്യന്‍ സിനിമകളും ചാനലുകളും നിരോധിക്കുമെന്ന് സര്‍ക്കാരും ഭീഷണി മുഴക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക