പാകിസ്ഥാന്റെ വിജയം ആഘോഷിച്ച കാശ്മീര്‍ യുവാക്കളുടെ സര്‍വ്വകലാശാല പുറത്താക്കി

ബുധന്‍, 5 മാര്‍ച്ച് 2014 (15:24 IST)
PRO
ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തു. 67 കാശ്മീരി വിദ്യാര്‍ത്ഥികളെ മീററ്റിലെ സ്വാമി വിവേകാന്ദ സുബാര്‍ത്ഥി സര്‍വ്വകാലാശാലയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ഹോസ്റ്റലില്‍ സാധനങ്ങള്‍ തകര്‍ത്തെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ സസ്പെന്‍ഷന് നല്‍കുന്ന വിശദീകരണം. ഞായറാഴ്ച്ച സര്‍വ്വകലാശാലയുടെ മദന്‍ ഡിന്‍ഗ്ര ഹോസ്റ്റലിലാണ് സംഭവം. ഇന്ത്യ-പാക് ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ചില കാശ്മീരി വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും മത്സരശേഷം പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഇതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് കാശ്മീരി വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും സര്‍വ്വകലാശാലയ്ക്ക് പുറത്തുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ബഹളം വയ്ക്കുകയും പാകിസ്ഥാനനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തത് ക്യാമ്പസില്‍ സൗഹൃദാന്തരീക്ഷത്തിന് ഭംഗം വരുത്തിയതായി സര്‍വ്വകലാശാല രജിസ്ട്രാര്‍ ആര്‍.കെ ഗാര്‍ഗ് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക