ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്താക്കണം: അമര്‍നാഥ്

വ്യാഴം, 20 ഫെബ്രുവരി 2014 (17:51 IST)
PRO
മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹീന്ദര്‍ അമര്‍നാഥ്. തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയില്‍ ധോണിക്കെതിരെ മുറവിളിയുയരുന്നതിനിടയിലാണ് അമര്‍നാഥ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ധോണിയുടെ പ്രതിരോധ സമീപനമാണ് വിദേശമണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിരോധ സമീപനം പുലര്‍ത്തുന്ന നായകനാണ് ധോണി.

അതുവഴി എതിരാളികള്‍ക്ക് കളിയിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് ധോണി ഒരുക്കിയത്. മറ്റ് ക്യാപ്റ്റന്മാരെ പോലെ സ്വന്തം മണ്ണില്‍ തന്നെ വിജയങ്ങളുടെ റെക്കോഡ് ധോണിയ്ക്കുമുണ്ട്. എന്നാല്‍ അതില്‍ പ്രത്യേകതയൊന്നുമില്ല.

മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയെ പോലെ ആക്രമണശൈലിയുള്ള നായകരെയാണ് വിദേശമണ്ണില്‍ കളി ജയിക്കാന്‍ ഇന്ത്യക്ക് ആവശ്യമെന്നും അമര്‍നാഥ് പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡും ധോണിക്കെതിരെ രംഗത്ത് വന്നിരുന്നു. ധോണി അല്‍പ്പം കൂടി റിസ്ക് എടുക്കാന്‍ തയ്യാറാകണം എന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.

ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന ഒരു ടെസ്റ്റ് നായകനുമുണ്ടാവില്ല. ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് ക്യാപ്റ്റന്മാര്‍.

ടെസ്റ്റ് നായകപദവിയില്‍ നിന്ന് ധോണിയെ നീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും ഏകദിനങ്ങളില്‍ മാച്ച് വിന്നറാണെങ്കിലും ലോകകപ്പ് കണക്കിലെടുത്ത് പുതിയൊരാളെ കണ്ടെത്തേണ്ട സമയമായിരിക്കുന്നുവെന്നും അമര്‍നാഥ് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ നാലു തവണയും, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഓരോ തവണയും തുടര്‍ച്ചയായ തോല്‍വികളാണ് ധോണിയുടെ ടീം ഏറ്റുവാങ്ങിയത്.

വെബ്ദുനിയ വായിക്കുക