ഡിസിഷന്‍ റിവ്യൂ സിസ്റ്റം ബിസിസിഐ അംഗീകരിക്കും

വെള്ളി, 14 ജൂണ്‍ 2013 (13:03 IST)
PRO
ഏറെ വിവാദത്തിന് ശേഷം ഇത്രയും നാള്‍ അമ്പയേഴ്‌സ്‌ ഡിസിഷന്‍ റിവ്യു സിസ്‌റ്റത്തിനോടു പുറംതിരിഞ്ഞുനിന്ന ബിസിസിഐക്കു നിലപാടു മാറ്റേണ്ടി വരുമെന്നു സൂചന. രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നാണു ബിസിസിഐക്കു ചുവടു മാറ്റേണ്ടി വരുന്നത്‌. 23 മുതല്‍ നടക്കുന്ന ഐസിസി. യോഗത്തിലെ പ്രധാന വിഷയങ്ങളിലൊന്ന്‌ ഡിആര്‍എസ്‌.

ടെസ്‌റ്റ്‌ കളിക്കുന്ന 10 രാജ്യങ്ങളില്‍ ഇന്ത്യയൊഴികെയുള്ളവര്‍ ഡിആര്‍എസ്‌. നടപ്പാക്കുന്നതിനു സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഐസിസി. യോഗത്തില്‍ ഏഴു രാജ്യങ്ങള്‍ അനുകൂലമായി വോട്ടു ചെയ്‌താല്‍ ഡിആര്‍എസ്‌ നിര്‍ബന്ധിതമാക്കി നിയമം കൊണ്ടുവരാനാകുമെന്നു രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ അഡ്വൈസറുമായ പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റുമായ ഐഎസ്‌ ബിന്ദ്ര പറഞ്ഞു.

ഐസിസിയുടെ ക്രിക്കറ്റ്‌ കമ്മിറ്റി തലവനും മുന്‍ ഇന്ത്യന്‍ നായകനുമായ അനില്‍ കുംബ്ലെയും ബിസിസിഐക്കു ഡിആര്‍എസിനെ സ്വാഗതം ചെയ്യേണ്ടിവരുമെന്നു വ്യക്‌തമാക്കി. ചെലവേറിയതും ചില കമ്പനികള്‍ കുത്തകയാക്കി വച്ചിരിക്കുന്നതും മൂലമാണു ഡിആര്‍എസ്‌ വേണ്ടെന്നു ബിസിസിഐ പറയുന്നത്‌. അതേ സമയം രഞ്‌ജി ട്രോഫിയിലെ ഭൂരിപക്ഷം നായകന്‍മാരും കോച്ചുമാരും ആഭ്യന്തര ക്രിക്കറ്റിലും ഡിര്‍എസ്‌ നടപ്പാക്കണമെന്ന പക്ഷക്കാരാണ്‌.

ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഡിആര്‍എസ് രീതി. ഒരു ഇന്നിംഗ്‌സില്‍ ഒരു ടീമിന് രണ്ടു തവണ ഡിആര്‍എസ് ഉപയോഗിക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന ലോകകപ്പില്‍ ഹോട്ട് സ്‌പോട്ട് കാമറാസ് ഒഴിവാക്കിയ ഡിആര്‍എസ് ഉപയോഗിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക