അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം. എന്നാല്‍ ഈ ജയം നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ദൈവം തന്ന സുവര്‍ണവസരം തന്നെയായിരുന്നു എന്ന് വേണം പറയാന്‍.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ടു വിക്കറ്റിന്റെ അനായാസ വിജയം കൈവരിക്കുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 35.2 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 32.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാരില്‍ സമിയുള്ള ഷെന്‍വാരി (50) മാത്രമാണ് മികവു പുലര്‍ത്തിയത്.
ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു കഴിഞ്ഞില്ല. ജഡേജയ്ക്കു പുറമേ മൂന്ന് വിക്കറ്റെടുത്ത അശ്വിനും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരായ അചിന്‍ക്യ രഹാനെയും (56) ശിഖര്‍ ധവാനും(60) അര്‍ധസെഞ്ച്വറികള്‍ നേടി.
പത്ത് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി 4 അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി ഇന്ത്യയുടെ വിജയ ശില്‍പ്പിയായ ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.