ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എന്തും നടക്കും!

ഞായര്‍, 27 ഫെബ്രുവരി 2011 (10:36 IST)
PRO
ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍ വരുമ്പോള്‍ ഇന്ത്യയ്ക്കോ ഇംഗ്ലണ്ടിനോ മുന്‍‌തൂക്കമെന്ന ചോദ്യം അനാവശ്യമായിരിക്കും - ഹോം ഗ്രൌണ്ടില്‍ അടിച്ചു തകര്‍ക്കുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ ആദ്യ കളിയില്‍ നേടിയ ആധികാരിക ജയവും പിന്‍‌ബലമാണ്.

ഇംഗ്ലണ്ടിന് ഇന്ത്യയെ ചൊല്‍പ്പടിക്ക് നിര്‍ത്തണമെങ്കില്‍ അല്‍പ്പം വിയര്‍പ്പൊഴുക്കേണ്ടി വരും. കാരണം, ഹോളണ്ടിനെതിരെ വിയര്‍പ്പില്‍ മുങ്ങിത്തന്നെയാണ് ഇംഗ്ലീഷ് പട വിജയതീരത്ത് കിതച്ചെത്തിയത്. ആ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ തന്ത്രങ്ങള്‍ മെനയുന്നത് അനുസരിച്ചിരിക്കും ഇംഗ്ലണ്ടിന്റെ ഇന്നത്തെ പ്രകടനം.

അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഈ കളിയില്‍ ചില സുപ്രധാന മാറ്റങ്ങള്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ മൂന്ന് പേസര്‍മാരെ പരീക്ഷിക്കുന്നതിനു പകരം ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്താനാണ് ധോണി ശ്രമിക്കുന്നതെങ്കില്‍ മലയാളി താരം ശ്രീശാന്തിന് പുറത്തിരിക്കേണ്ടിവരും. ബംഗ്ലാദേശിനെതിരെ ശ്രീക്ക് ശോഭിക്കാനായില്ല എന്നതും ഇവിടെ കണക്കിലേടുത്തേക്കും. ഇവിടെ, മികച്ച പ്രകടനത്തിന്റെ പിന്‍‌ബലമുള്ള പീയൂഷ് ചൌളയ്ക്ക് സാധ്യതയേറുന്നു.

മഴ ചതിച്ചില്ലെങ്കില്‍, ക്രിക്കറ്റിന്റെ മനോഹാരിതയും കൂര്‍മ്മ തന്ത്രങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഒരു മത്സരമായിരിക്കും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നുച്ചയ്ക്ക് 2:30 മുതല്‍ അരങ്ങേറുക. ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് ബംഗ്ലാദേശിനെതിരെ അടിച്ചു കൂട്ടിയ 175 റണ്‍സ് ഇംഗ്ലണ്ടിന്റെ ഉറക്കം കെടുത്തിയില്ലേങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍, സേവാഗിനെ തളയ്ക്കാനുള്ള മരുന്നൊക്കെ തങ്ങളുടെ പക്കലുണ്ടെന്നാണ് ഇംഗ്ലണ്ട് ഉറക്കെ പറയുന്നത്.

ഇന്ത്യന്‍ പിച്ച്, പ്രത്യേകിച്ച് ചിന്നസ്വാമി സ്റ്റേഡിയം ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്സനെ സംബന്ധിച്ചിടത്തോളം അത്ര ‘പുത്തരിയല്ല’. ഇതും നിന്ന് കളിക്കാന്‍ കഴിവുള്ള ക്യാപ്റ്റന്‍ ആന്‍‌ഡ്രൂസ് സ്ട്രോസും ചേര്‍ന്നാല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയ്ക്ക് ഉറച്ച പിന്തുണയാവും. ഗ്രെയിം സ്വാനിന്റെ സ്പിന്‍ മികവ് ഇന്നത്തെ തുറുപ്പ് ചീട്ടാക്കാന്‍ ഇംഗ്ലണ്ട് ശ്രമിച്ചേക്കാം. അതേപോലെ സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്സണ്‍ തുടങ്ങിയവരും ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍‌മാരെ ഞെട്ടിക്കാന്‍ തയ്യാറായിട്ടാവും വരിക.

അതേസമയം, സച്ചിനടക്കം ലോകോത്തര ബാറ്റ്സ്മാന്‍‌മാരുടെ ഒരു പട തന്നെ കൂടെയുള്ളപ്പോള്‍ ഇന്ത്യന്‍ ക്യപ്റ്റന് വിജയം മാത്രം പ്രതീക്ഷിക്കാം. ബൌളിംഗ് തന്ത്രങ്ങളില്‍ വിജയിക്കുക കൂടി ചെയ്താല്‍ മഴയൊഴികെ മറ്റൊന്നും ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍ നില്‍ക്കില്ല.

വെബ്ദുനിയ വായിക്കുക