കോഹ്‌ലി ചലഞ്ച്, പൂനെയ്ക്ക് അഞ്ചാം തിരുമുറിവ്!

ശനി, 30 ഏപ്രില്‍ 2011 (08:29 IST)
PTI
വിരാട് കോഹ്‌ലിയുടെ ചലഞ്ചില്‍ പൂനെ വാരിയേഴ്സിന് മുറിവേറ്റു! ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും നടത്തിയ മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് പൂനെ വാരിയേഴ്സിനുമേല്‍ 26 റണ്‍സ് വിജയം.

ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ മൂന്നാം വിജയവും പൂനെയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍‌വിയുമാണിത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് പടുത്തുയര്‍ത്തി. 182 എന്ന വിജയലക്‍ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ പൂനെയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നേടിയ പൂനെ ക്യാപ്റ്റന്‍ യുവരാജ് സിംഗ് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ ഒരു വശത്ത് തിലകരത്നെ റണ്ണെടുക്കാന്‍ പ്രയാസപ്പെട്ടു എങ്കിലും മറുവശത്ത് നിന്ന ഗെയ്‌ല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. പതിനഞ്ച് റണ്‍സ് എടുത്ത് തിലകരത്നെ മടങ്ങി. രാഹുല്‍ ശര്‍മ്മയുടെ സ്പിന്നിനു മുന്നില്‍ ഗെയ്‌ല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി എങ്കിലും പിന്നീട് കോഹ്‌ലിയും ഡിവില്ലിയേഴ്സും ചേര്‍ന്ന് അടിച്ചു തകര്‍ക്കുകയായിരുന്നു.

ബാംഗ്ലൂരിനു വേണ്ടി ക്രിസ് ഗെയ്‌ല്‍ 26 പന്തില്‍ നിന്ന് നേടിയ 49 റണ്‍സും കോഹ്‌ലി 42 പന്തില്‍ നിന്ന് നേടിയ 67 റണ്‍സും നിര്‍ണ്ണായകമായി. നാല് ബൌണ്ടറിയും അത്രതന്നെ സിക്സറുകളും പറത്തിയ കോഹ്‌ലി ഐപി‌എല്‍ ടോപ് സ്കോറര്‍ എന്ന ബഹുമതിയും സ്വന്തമാക്കി. കോഹ്‌ലിക്ക് സീസണ്‍ നാലില്‍ ഇതുവരെ 294 റണ്‍സ് ആണ് സമ്പാദ്യം.

വിജയിക്കണം എന്ന് ഉറപ്പിച്ചാണ് പൂനെ മറുപടി ബാറ്റിംഗിന് ഇറങ്ങിയതെങ്കിലും യുവരാജ് സിംഗ് (41), റൈഡര്‍ (51) എന്നിവരൊഴികെ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

സ്കോര്‍ബോര്‍ഡ്:

റോയല്‍ ചലഞ്ചേഴ്‌സ്: ഗെയ്ല്‍ എല്‍ബി-രാഹുല്‍ ശര്‍മ 49(26), ദില്‍ഷന്‍ ബി രാഹുല്‍ശര്‍മ 15(19), കോഹ്‌ലി സി ഹര്‍പ്രീത് ബി തോമസ് 67(42), ഡിവില്ലിയേഴ്‌സ് സി രാഹുല്‍ശര്‍മ ബി തോമസ് 26(20), തിവാരി സി ഹര്‍പ്രീത് ബി ടെയ്‌ലര്‍ 14(8), കൈഫ് നോട്ടൗട്ട് 6(3), എക്‌സ്ട്രാസ് 2, ആകെ 20 ഓവറില്‍ 5ന് 181.

പുനെ വാരിയേഴ്‌സ്: ജസ്സി റൈഡര്‍ സി കൈഫ് ബി സയ്യദ് മുഹമ്മദ് 51 (34), ടിം പെയ്ന്‍ സി വെട്ടോറി ബി ശ്രീനാഥ് അരവിന്ദ് 8 (17), മനീഷ് പാണ്ഡെ സി സൗരഭ് തിവാരി ബി വെട്ടോറി 19 (23), യുവരാജ് സിംഗ് സി സയ്യദ് മുഹമ്മദ് ബി സഹീര്‍ ഖാന്‍ 41 (23), റോബിന്‍ ഉത്തപ്പ നോട്ടൗട്ട് 23 (17), മിഥുന്‍ മന്‍ഹാസ് സി കൈഫ് ബി ഗെയ്ല്‍ 3, ഹര്‍പ്രീത് സിംഗ് നോട്ടൗട്ട് 1എക്‌സ്ട്രാസ് 8, ആകെ 20 ഓവറില്‍ അഞ്ചിന് 155.

വെബ്ദുനിയ വായിക്കുക