കോഹ്‌ലി കൊടുങ്കാറ്റായി, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ബുധന്‍, 26 ഫെബ്രുവരി 2014 (22:03 IST)
PTI
നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ആദ്യമത്സരത്തില്‍ തന്നെ ഇന്ത്യയ്ക്ക് വിജയം. ധോണിയുടെ അഭാവത്തില്‍ ഇന്ത്യയുടെ നായകനായ വിരാട് കോഹ്‌ലി സെഞ്ച്വറി നേട്ടവുമായി ബംഗ്ലാദേശിനെതിരായ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. 280 റണ്‍സ് വിജയലക്‍ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആറ്‌ വിക്കറ്റിനാണ് ബംഗ്ലാ കടുവകളെ തകര്‍ത്തത്.

കോഹ്‌ലി 136 റണ്‍സെടുത്തപ്പോള്‍ അജിന്‍‌ക്യ രഹാനെ 73 റണ്‍സ് കുറിച്ചു. ഇവരുടെ കൂട്ടുകെട്ടാണ് താരതമ്യേന വലിയ സ്കോറായ 280 റണ്‍സ് ചെയ്സ് ചെയ്യാന്‍ ഇന്ത്യയ്ക്ക് കരുത്തുപകര്‍ന്നത്.

വളരെ ആധികാരികമായ ഇന്നിംഗ്സായിരുന്നു കോഹ്‌ലിയുടേത്. 16 ബൌണ്ടറികളും രണ്ട് കൂറ്റന്‍ സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. ഇത് കോഹ്‌ലിയുടെ പത്തൊമ്പതാം സെഞ്ച്വറിയാണ്.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മ്മ(21), ശിഖര്‍ ധവാന്‍(28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 279 റണ്‍സെടുത്തത്. സെഞ്ച്വറി നേടിയ മുഷ്ഫിക്കര്‍ റഹീമും(117) അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ അനാമുള്‍ ഹഖുമാണ് അവര്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

വെബ്ദുനിയ വായിക്കുക