കിവീസ് ബൌളര്‍മാര്‍ക്ക് കോച്ചിന്‍റെ ശകാരം

Webdunia
തിങ്കള്‍, 9 മാര്‍ച്ച് 2009 (17:30 IST)
ഇന്ത്യയ്ക്കെതിരായ മോശം പ്രകടനത്തിന് ന്യൂസിലാന്‍ഡ് ബൌളര്‍മാര്‍ക്ക് പരിശീലകന്‍ ആന്‍ഡി മോള്‍സിന്‍റെ ശകാരം. അടുത്ത രണ്ട് ഏകദിനങ്ങളില്‍ പ്രഹരശേഷി വീണ്ടെടുത്ത് ആക്രമണം നടത്തണമെന്ന് മോള്‍സ് ബൌളര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും കിവീസ് ബൌളര്‍മാര്‍ക്ക് ഇന്ത്യയ്ക്ക് മേല്‍ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ക്രൈസ്റ്റ് ചര്‍ച്ചിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 392 റണ്‍സ് നേടുകയും ചെയ്തിരുന്നു. പരമ്പരയില്‍ കിവീസിന് ഒറ്റ ജയം പോലും നേടാനും ആയിട്ടീല്ല. ഈ സാഹചര്യത്തിലാണ് മോള്‍സിന്‍റെ നിര്‍ദ്ദേശം.

ബൌളര്‍മാര്‍ നന്നായി പരിശീലനം നടത്തുന്നുണ്ടെന്ന് മോള്‍സ് പറഞ്ഞു. എന്നാല്‍ വിക്കറ്റുകള്‍ക്കിടയില്‍ ലക്‍ഷ്യമിടുന്ന സ്ഥലത്ത് പന്ത് കുറിക്കുകൊള്ളിക്കാന്‍ അവര്‍ക്ക് ആകുന്നില്ല. ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നേരിടാന്‍ കൃത്യമായ ഗെയിം പ്ലാനിംഗോടെയാണ് ഗ്രൌണ്ടില്‍ ഇറങ്ങുന്നത്. എന്നാല്‍ ഗ്രൌണ്ടില്‍ പ്രാ‍വര്‍ത്തികമാക്കാതെ തന്ത്രങ്ങള്‍ ഫലം കാണില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.

ചെറിയ ഗ്രൌണ്ടുകളും ബാറ്റിംഗ് വിക്കറ്റുകളുമാണ് കഴിഞ്ഞകളികളില്‍ ഇന്ത്യയ്ക്ക് തുണയായതെന്ന് പറഞ്ഞ മോള്‍സ് വരുന്ന മത്സരങ്ങളില്‍ ഇതിലും നന്നായി ന്യൂസിലാന്‍ഡിന് തിരിച്ചെത്താമെന്നും കൂട്ടിച്ചേര്‍ത്തു.