ഒറ്റ മത്സരത്തില്‍ ടീമിനെ അളക്കേണ്ട: കേര്‍സ്റ്റന്‍

ഞായര്‍, 28 ഫെബ്രുവരി 2010 (17:38 IST)
PRO
ഒറ്റ മത്സരത്തിലെ പ്രകടനത്തിന്‍റെ വെളിച്ചത്തില്‍ ടീം ഇന്ത്യയെ അളക്കേണ്ടെന്ന് കോച്ച് ഗാരി കേര്‍സ്റ്റന്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ നേരിട്ട പരാജയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ബെഞ്ചിന്‍റെ ബലം ഒറ്റക്കളി കൊണ്ട് വിലയിരുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യുവതാരങ്ങള്‍ക്ക് ഒരവസരം എന്ന നിലയില്‍ മാത്രമേ താന്‍ ആ മത്സരം വീക്ഷിച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത സമയത്ത് പരമ്പരകളില്‍ വിജയിക്കാനാകുന്നുണ്ടെങ്കിലും ഇന്ത്യയുടെ റിസര്‍വ്വ് താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ മതിയായ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം അന്താരാഷ്ട്ര രംഗത്ത് യുവതാരങ്ങള്‍ക്ക് നല്ല പരിചയസമ്പത്ത് ആര്‍ജിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊണ്ണൂറു റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മുന്‍ നിര താരങ്ങളുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ലക്‍ഷ്യം മറികടക്കാനാകാതെ വരികയായിരുന്നു. ജാക്വിസ് കാലിസിന്‍റെയും ഡിവില്ലിയേഴ്സിന്‍റെയും സെഞ്ച്വറികളാണ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാ‍യി തിരിച്ചതെന്ന് കേര്‍സ്റ്റന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക