ഐപി‌എല്‍: പാക് കളിക്കാരുടെ എന്‍‌ഒ‌സി പിന്‍‌വലിച്ചു

വെള്ളി, 29 ജനുവരി 2010 (20:35 IST)
PRO
ഐപി‌എല്ലില്‍ പങ്കെടുക്കാന്‍ കളിക്കാര്‍ക്ക് നല്‍കിയ ബാധ്യതാ രഹിത സര്‍ട്ടിഫിക്കേറ്റ് (എന്‍‌ഒ‌സി) പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍‌വലിച്ചു. താരങ്ങളെ തഴഞ്ഞത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അതീവ ഗൌരവമായാണ് വിലയിരുത്തിയിരിക്കുന്നതെന്നാണ് നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്.

ഐപി‌എല്ലില്‍ ചേരുന്നതിന് എല്ലാ കളിക്കാരും സ്വന്തം ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. ഏറെ കാലതാമസം വരുത്തിയശേഷമാണ് പിസിബി ഇത് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് നല്‍കിയത്. ഇതിനു വേണ്ടി ഐപി‌എല്‍ നിരവധി തവണ സമയപരിധി നീട്ടിനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന ലേലത്തില്‍ പാക് താരങ്ങള്‍ തഴയപ്പെട്ടതോടെ ചിത്രം മാറുകയായിരുന്നു. പാക് താരമായ അബ്ദുള്‍ റസാഖിനെയും മറ്റും ഫ്രാഞ്ചൈസികള്‍ വീണ്ടും വിളിച്ചതായി അഭ്യൂഹം പരന്നിരുന്നു. ഇതും അസ്ഥാനത്താക്കിയാണ് പിസിബിയുടെ നീക്കം.

ഭാവിയില്‍ പാക് താരങ്ങളെ ആരെയെങ്കിലും ഐപി‌എല്ലില്‍ കളിക്കാന്‍ ക്ഷണിച്ചാല്‍ പ്രത്യേക കേസുകളായി പരിഗണിച്ച് സര്‍ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പിസിബി അറിയിപ്പില്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക