ഇന്ത്യ-ലങ്ക ടെസ്റ്റ് പരമ്പര: അമ്പയര്‍ റിവ്യൂ ഇല്ല

ശനി, 10 ജൂലൈ 2010 (14:43 IST)
അടുത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ അമ്പയര്‍ റിവ്യൂ സിസ്റ്റം ഉണ്ടാകില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഏറെ വിവാദങ്ങള്‍ക്ക് പേരുകേട്ട അമ്പയര്‍ റിവ്യൂ സമ്പ്രദായത്തോടെ ബി സി സി ഐയ്ക്ക് യോജിപ്പില്ലായിരുന്നു. ജൂലൈ പതിനെട്ട് മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് അമ്പയര്‍ റിവ്യൂ സിസ്റ്റം ഒഴിവാക്കിയതെന്ന് ലങ്കന്‍ ക്രിക്കറ്റ് കൌണ്‍സില്‍ സെക്രട്ടറി നിഷാന്ത രണതുംഗ പറഞ്ഞു. അടുത്തിടെ നടന്ന ഐ സി സി യോഗത്തില്‍ ഇരു ടീം പ്രതിനിധികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് കളിക്കുന്ന ഇരു ടീമുകളുടെയും അംഗീകാരമില്ലാതെ അമ്പയര്‍ റിവ്യൂ സിസ്റ്റം വിജയിക്കില്ലെന്ന് രണതുംഗ പറഞ്ഞു.

അമ്പയര്‍ റിവ്യൂ ഒഴിവാക്കുന്നത് ലങ്കയ്ക്ക് പ്രതികൂലമായി ബാധിക്കില്ലെ എന്ന ചോദ്യത്തിന് രണതുംഗ പറഞ്ഞത് ഇങ്ങനെയാണ്; തീര്‍ച്ചയായും പ്രതികൂലം തന്നെയാണ്. ലങ്കയ്ക്ക് മാത്രമല്ല ഇന്ത്യയ്ക്കും അമ്പയര്‍ റിവ്യൂ ഒഴിവാക്കുന്നത് പ്രതികൂലമായി ബാധിക്കും. കളിക്കാര്‍ക്കും ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
.
2008ല്‍ നടന്ന ഇന്ത്യ-ലങ്ക ടെസ്റ്റ് പരമ്പരയില്‍ അമ്പയര്‍ റിവ്യൂ സമ്പ്രദായം ഉപയോഗിച്ചിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായതും ഇതായിരുന്നു. പരമ്പരയില്‍ പതിനൊന്ന് റിവ്യൂകളില്‍ വിജയം നേടിയ ലങ്ക പരമ്പര 2-1ന് നേടുകയും ചെയ്തിരുന്നു. പിന്നീട് ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ റിവ്യൂ ഉപയോഗിച്ചിരുന്നില്ല. ലങ്കയ്ക്ക് പരമ്പര നഷ്ടപ്പെടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക