അക്തര്‍ പാക് ടീമിലെത്തിയേക്കും

അച്ചടക്ക പ്രശ്നങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറെ കാലം ഷൊഐബ് അക്തര്‍ അടുത്ത മാസം കാനഡയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ട്വന്‍റി20 ടൂര്‍ണമെന്‍റിലൂടെ ദേശീയ ടീമില്‍ മടങ്ങിയെത്താന്‍ സാധ്യത തെളിഞ്ഞു. കായികക്ഷമത തെളിയിച്ചാല്‍ അക്തറിനെ കാനഡയിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പിസിബി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് അക്തറിന് ടീമിലെത്താനുള്ള വഴി തുറന്നത്.

നേരത്തേ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ പട്ടികയില്‍ അക്തറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അച്ചടക്ക ലംഘനത്തിന് ബോര്‍ഡ് വിധിച്ച പിഴയൊടുക്കാതെ താരത്തെ ടീമിലെടുക്കില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്. ഈ നിലപാടിലാണ് ബോര്‍ഡ് മാറ്റം വരുത്തിയിരിക്കുന്നത്.

അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ അക്തറിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയ പിസിബിയുടെ നടപടി കോടതി റദ്ദാക്കിയിരുന്നെങ്കിലും താരത്തിന് ചുമത്തിയ 70 ലക്ഷം രൂപയുടെ പിഴ് ശിക്ഷ നിലനിര്‍ത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അക്തറില്‍ നിന്ന് പിഴയീടാക്കാന്‍ ബോര്‍ഡ് ശ്രമം ആരംഭിച്ചത്.

ഇതിനോട് അനുകൂലമായി പ്രതികരിക്കാതിരുന്ന അക്തര്‍ ഇത് സംബന്ധിച്ച ബോര്‍ഡിന്‍റെ നടപടികളില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച താന്‍ കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും കോടതി വിധിക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സാധ്യമാവുകയുള്ളെ എന്നുമാണ് അക്തറിന്‍റെ നിലപാട്.

ലാഹോര്‍ ഹൈക്കോടതി ഒക്ടോബര്‍ മുന്നിന് നേരിട്ട് ഹാജരാകാന്‍ അക്തറിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പിസിബി പുതിയ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി വിധിയെന്തായാലും അംഗീകരിക്കുമെന്നും പിസിബി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം പ്രാദേശിക ട്വന്‍റി20 മത്സരങ്ങള്‍ക്കുള്ള ഇസ്ലാമബാദ് ടീമില്‍ അക്തറിനെ ഉള്‍പ്പെടുത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക