പാളം തെറ്റിയ റാവല്‍‌പിണ്ടി എക്സ്പ്രസ്

PRO
തീ തുപ്പുന്ന പന്തുകള്‍ കൊണ്ട് എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍‌മാരുടെ കാല്‍ മുട്ടുകള്‍ കൂട്ടിയിടിപ്പിച്ച ഷൊയൈബ് അക്തര്‍ എന്ന റാവല്‍പ്പിണ്ടി എക്സ്പ്രസിന് പാളം തെറ്റിയോ ?. റാവല്‍‌പിണ്ടി എക്സ്പ്രസ് പാളം തെറ്റുക മാത്രമല്ല സര്‍വീസ് തന്നെ നിര്‍ത്തിയെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ടാണ് അക്തര്‍ ഇനി ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൊടുങ്കാറ്റ് വേഗത്തിലായിരുന്നു അക്തര്‍ അവതരിച്ചത്. 1999ലെ കൊല്‍ക്കത്ത ടെസ്റ്റിലെ അക്തറുടെ പ്രകടനം ഇന്ത്യന്‍ ആരാധകരാരും എളുപ്പം മറക്കില്ല. സങ്കേതികത്തികവില്‍ ലോകക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച കളിക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡിന്‍റെയും തൊട്ടടുത്ത പന്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും മിഡില്‍ സ്റ്റമ്പിളക്കി ഒരു കഴുകനെ പോലെ ഗ്രൌണ്ടിലൂടെ പറന്നു നടന്ന അക്തറിന്‍റെ ചിത്രം ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്.

അകലെ നിന്ന് ഒരു പൊട്ടുപോലെ ഓടിയടുക്കുന്ന അക്തര്‍ ക്രീസിനടുത്തെതുമ്പോള്‍ കൊടുങ്കാറ്റ് വേഗമാര്‍ജിക്കുന്നതു കണ്ട് പല ബാറ്റ്സ്മാന്‍‌മരുടെയും ഉറക്കം തന്നെ നഷ്ടമായി. അതിവേഗത്തിനൊപ്പം ബാറ്റ്‌സ്മാനെ വിഡ്ഡിയാക്കുന്ന സ്ലോബോളുകള്‍ കൂടി ആവനാഴിയില്‍ നിറച്ചതോടെ ബാറ്റ്‌സ്മാന്‍‌മാര്‍ അക്തറിനെ സാഷ്ടാംഗം പ്രണമിച്ച് മടങ്ങി.

1999 ലോകകപ്പില്‍ പാക് പ്രതിക്ഷകള്‍ ചുമലിലേറ്റി പറക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും വേഗതയുടെ മീറ്ററില്‍ 100 മൈല്‍ കുറിക്കുന്ന ആദ്യ ബൌളര്‍ എന്ന ലക്‍ഷ്യവുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അക്തര്‍ മൂളിപ്പറന്നു. പാക് ടീമില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിനു പകരം വേഗത്തെ പ്രണയിച്ച് പറക്കുകയായിരുന്നു അക്തര്‍. ഒരുപക്ഷേ ഈ കുതിപ്പിലാകാം അക്തറിനെ എന്നെന്നേക്കുമായി നശിപ്പിച്ച പരുക്കും അദ്ദേഹത്തിന്‍റെ സഹചാരിയായി മാറിയത്.

2002ലെ ബ്രിസ്ബെയ്ന്‍ ഏകദിനത്തില്‍ 25 റണ്‍സ് വഴങ്ങി അഞ്ച് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ പിഴുതെടുത്ത അക്തറുടെ മാസ്മരിക പ്രകടനം ഓസീസ് ആരാധകരെ ഞെട്ടിച്ചു. വസീം അക്രം, വഖാര്‍ യൂനിസ് എന്നീ മഹാരഥന്‍‌മാരുണ്ടായിട്ടും അക്തറെ ആക്രമണത്തിന്‍റെ കുന്തമുനയാക്കിയായിരുന്നു 2003 ലോകകപ്പില്‍ പാകിസ്ഥാനെത്തിയത്. എന്നാല്‍ സൂപ്പര്‍ സിക്സില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അക്തറെ അടിച്ചു പറത്തിയപ്പോള്‍ ആവിയായി പോയത് അക്തറുടെ അസ്പൃശ്യത കൂടിയായിരുന്നു. ലോകകപ്പിനു ശേഷം അക്തറെ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പിന്നീട് ആരും നെറ്റി ചുളിച്ചില്ല.

PRO
ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയിലെ അക്തറുടെ പ്രകടനം വീണ്ടും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. മൂന്നാം ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കെന്ന് പറഞ്ഞ് കയറിപ്പോയ അക്തര്‍ ബാറ്റിംഗില്‍ അതിന്‍റെ ലാഞ്ചന പോലും പ്രകടമാക്കാതിരുന്നപ്പോള്‍ പാക് ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത തന്നെയായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. നായകനായിരുന്ന ഇന്‍സ്‌മാം ഉള്‍ ഹഖും കോച്ചായിരുന്ന ബോബ് വൂള്‍മറുമായുള്ള ബന്ധവും മോശമായതൊടെ അക്തര്‍ വീണ്ടും ക്രിക്കറ്റില്‍ നിന്ന് റണ്ണൌട്ടായി.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 17 വിക്കറ്റുമായി അക്തര്‍ വീണ്ടും ക്രിക്കറ്റില്‍ മടങ്ങിയെത്തി. എന്നാല്‍ ഇതിനു പുറകെ വന്ന പരുക്ക് അക്തറിനെ വീണ്ടും ടീമിനു പുറത്തു നിര്‍ത്തി. ചെറുപ്രായത്തില്‍ കൈവന്ന പണവും പ്രശസ്തിയും പല പാക് താരങ്ങളെയും പോലെ അക്തറിനെയും ക്രിക്കറ്റിന്‍റെ ഇരുണ്ട ഇടനാഴികളിലേക്ക് നയിക്കുന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. ഉത്തേജകമരുന്ന് ഉപയോഗവും നൈറ്റ് ക്ലബ്ബിലെ ആഘോഷവും കഴിഞ്ഞ് ക്രിക്കറ്റ് കളിക്കാന്‍ നേരമില്ലാതായതോടെ അക്തര്‍ സട കൊഴിഞ്ഞ സിംഹം മാത്രമാവുകയായിരുന്നു.

ഉത്തേജക മരുന്ന് ഉപയോഗത്തിന് സഹതാരം മുഹമ്മദ് ആസിഫിനൊപ്പം അക്തറിനെക്കൂടി പിടിച്ചതോടെ അക്തറിന്‍റെ കരിയര്‍ അവസാനിച്ചുവെന്ന് എല്ലാവരും കരുതി. എന്നിട്ടും ഇടയ്ക്കിടെ അക്തര്‍ ടീമില്‍ തലകാട്ടി മടങ്ങി. അടുപ്പിച്ച് രണ്ട് മത്സരമാവുമ്പോഴേക്കും ഒന്നുകില്‍ പരുക്ക് അല്ലെങ്കില്‍ വഴക്ക് അക്തറിനെ പാക് ടീമിന്‍റെ പടിക്കു പുറത്തു നിര്‍ത്തി. 2007 ലോകകപ്പ് ടീമില്‍ ഇടം കിട്ടിയെങ്കിലും പരുക്ക് വീണ്ടും വില്ലന്‍ വേഷം കെട്ടി അക്തറിന്‍റെ കരിയറിലെത്തി. എന്നാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചത് കണ്ടു പിടിക്കപ്പെടുമെന്ന ഭയമാണ് അക്തറിനെ ലോകകപ്പ് ഒഴിവാക്കാന്‍ പ്രേരിപ്പിച്ചതെന്നും ആരോപണം ഉയര്‍ന്നു.

ആസിഫുമായുള്ള അടി അക്തറിന് അഞ്ചു വര്‍ഷത്തെ അന്താരാഷ്ട്ര വിലക്ക് നേടിക്കൊടുത്തെങ്കിലും പിന്നീടിത് 18 മാസമായി ചുരുക്കി പി സി ബി അലിവുകാട്ടി. ഇപ്പോള്‍ കാല്‍ മുട്ടിലെ പരുക്കിന് അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായ അക്തര്‍ ശരീരത്തിലെ കൊഴുപ്പെല്ലാം കുത്തിയെടുത്ത് ശാരീരികക്ഷമത വീണെടുക്കാനുള്ള ശ്രമത്തിലാണ്. 2011 ലോകകപ്പില്‍ പാക് കുപ്പായമണിയാമെന്ന് മോഹിച്ചിരിക്കെയാണ് പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ട് അക്തറിനു നേരെ ബൌണ്‍സര്‍ എറിഞ്ഞത്.

10 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 46 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അക്തര്‍ 178 വിക്കറ്റുകളും 144 ഏകദിനങ്ങളില്‍ നിന്ന് 223 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം പ്രതിഭയോടു 50 ശതമാനമെങ്കിലും നീതി പുലര്‍ത്താന്‍ അക്തറിനായിരുന്നെങ്കില്‍ ഇതിലും എത്രയോ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവുമായിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഒരു മുടിയനായ പുത്രനായി അക്തറിന്‍റെ കരിയര്‍ ഒടുങ്ങുമോ അതോ വീണ്ടുമൊരു കൊടുങ്കാറ്റായി അക്തര്‍ ബൌളിംഗ് ക്രീസിലേക്ക് ഓടിയടുക്കുമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

വെബ്ദുനിയ വായിക്കുക