ചോരപ്പാടുകളുമായി പാക് ക്രിക്കറ്റ്

ചൊവ്വ, 3 മാര്‍ച്ച് 2009 (19:06 IST)
PTI
ക്രിക്കറ്റ് ലോകം വെറുങ്ങലിച്ചു നിന്ന രക്തപങ്കിലമായ ഒരു ദിനം, പാക് പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ ഭീകരവാദികള്‍ ആക്രമണം നടത്തിയിരിക്കുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങി ഒട്ടു മിക്ക ടീമുകളും ഭീകരവാദത്തിന്‍റെ മണ്ണില്‍ കളിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിലായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നഷ്ടം നികത്താനായി ശ്രീലങ്ക പര്യടനത്തിന് ഇറങ്ങിയത്.

നിര്‍ഭാഗ്യകരം! ലങ്കന്‍ ടീം ആക്രമിക്കപ്പെട്ടിരിക്കുന്നു, പാക് മണ്ണില്‍ കളിക്കില്ലെന്ന മറ്റു ടീമുകളുടെ വാദം ഒന്നൊന്നായി ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവമാണ് ലഹോറില്‍ നടന്നിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പണം നേടാന്‍ സാധിക്കുന്ന ഒരു കായിക ഇനമാണ് ക്രിക്കറ്റ്. എന്നിട്ട് കൂടി, കുറച്ചു വര്‍ഷങ്ങളായി പാക് ക്രിക്കറ്റ് ബോര്‍ഡ് നഷ്ടത്തിലാണ്. തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഒട്ടു മിക്ക ടീമുകളും പാക് മണ്ണില്‍ കളിക്കാന്‍ തയാറാകുന്നില്ല. 2009ല്‍ പാകിസ്ഥാനില്‍ നടത്താനിരുന്ന ചാമ്പ്യന്‍സ് ട്രോഫി പോലും മാറ്റപ്പെട്ടു. ഇതോടെ പിസിബിയുടെ നഷ്ടം വര്‍ധിക്കുകയായിരുന്നു. ലങ്കന്‍ ടീമിനു നേരെയുണ്ടായ ആക്രണത്തിന് ശേഷം ലോകകപ്പ് വേദി സംബന്ധിച്ച് പുന:പരിശോധന നടത്തുമെന്നാണ് ഐ സി സി അറിയിച്ചിരിക്കുന്നത്.

ഇത്രയൊക്കെ ഭീഷണിയുണ്ടായിട്ടും സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കാത്തതാണ് ലഹോര്‍ ആക്രമണത്തിന് കാരണമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. പാകിസ്ഥാനിലെ സുരക്ഷാസന്നാഹങ്ങളെയാണ് എല്ലാവരും വിമര്‍ശിക്കുന്നത്.

PTI
സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കാതെ ടീമുകളൊന്നും പാക് പര്യടനം നടത്തിയേക്കില്ലെന്നാണ് മുന്‍ പാക് ബാറ്റ്സ്മാന്‍ ഇന്‍സമാം-ഉള്‍-ഹഖ് അഭിപ്രായപ്പെട്ടത്. പാകിസ്ഥാന്‍റെ 2011 ലോകകപ്പ് സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞെന്നാണ് മുന്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നത്. പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരം നടന്നിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി എന്നതും പാക് ക്രിക്കറ്റിന്‍റെ അടിവേരുകള്‍ ഉലയുന്ന സൂചന നല്‍കുന്നു.

“ ഐസി‌സിയോട് തനിക്കൊന്നും പറയാനില്ല, ഇവിടത്തെ സുരക്ഷയില്‍ എങ്ങനെ കളിക്കും. ലോകകപ്പ് വേദിയാകാന്‍ ഒരു അവസരം കൂടി ലഭിച്ചതായിരുന്നു, നിര്‍ഭാഗ്യകരമായ ഒരു ഭീകരാക്രമണത്തിലൂടെ അത് നഷ്ടമായിരിക്കുന്നു, ഇത്തരം ദുരന്തങ്ങള്‍ എവിടെയും സംഭവിക്കാതിരിക്കട്ടെ ” , മുന്‍ പാക് പേസ്ബൌളര്‍ വഖാര്‍ യൂനിസ് പറഞ്ഞു.

മുംബൈ ഭീകരാക്രമണ സമയത്ത് പര്യടനം നടത്തിയിരുന്ന ഇംഗ്ലണ്ട് ടീമിന് വന്‍ സുരക്ഷയാണ് ഇന്ത്യ നല്‍കിയത്. ഇത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്‍റെ മുന്‍‌താരങ്ങളൊക്കെ ഇന്ത്യന്‍ പര്യടനത്തിന് പോകരുതെന്ന് വാദിച്ചിരുന്നു. എങ്കിലും ശക്തമായ സുരക്ഷ ഒരുക്കാമെന്ന ഉറപ്പിന്മേലാണ് ടെസ്റ്റ് കളിക്കാനായി ഇംഗ്ലണ്ട് വീണ്ടുമെത്തിയത്.

PTI
സിംബാബ്‌വെയിലെ രാഷ്ട്രീയ അരാജകത്വത്തില്‍ പ്രതിഷേധിച്ച് 2009ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കാന്‍ സിംബാബ്‌വെയെ അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്ന് അവര്‍ പിന്‍‌മാറുകയായിരുന്നു. സിംബാബ്‌വെയുടെ ക്രിക്കറ്റ് പദവി റദ്ദാക്കണമെന്നാണ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ രാജ്യങ്ങള്‍ സിംബാബ്‌വെയെ പിന്തുണച്ചതോടെ ക്രിക്കറ്റ് പദവി റദ്ദാക്കല്‍ ഒഴിയുകയായിരുന്നു.

അതേസമയം, പാക് ക്രിക്കറ്റും സിംബാബ്‌വെയുടെ വഴിയെയാണ് നീങ്ങുന്നത്. പര്യടനം നടത്തുന്ന വിദേശ കളിക്കാര്‍ക്കെതിരെ ഇത്തരമൊരു ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ ഐ സി സിയും അംഗരാജ്യങ്ങളും പാകിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടേക്കുമെന്നാണ് കരുതുന്നത്.