ചിരിക്കുന്നത് പോണ്ടിംഗോ ധോനിയോ?

ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (19:57 IST)
PRO
ആഷസ് പരമ്പര കൈവിട്ടതോടെ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്‍റെ തലയ്ക്കായി മുറവിളി കൂട്ടിയവരാണ് കംഗാരുക്കള്‍. പോണ്ടിംഗിലുള്ള വിശ്വാസം അപ്പോഴും അചഞ്ചലമായി നിലനിര്‍ത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഉറച്ച പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ റിക്കി പോണ്ടിംഗിന് ഇന്ന് കംഗാരുപ്പടയുടെ നായകവേഷം ബലികഴിക്കേണ്ടിവരുമായിരുന്നു.

പക്ഷെ അധികം വൈകാതെ മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ഐസിസി ചാമ്പ്യന്‍സ് ലീഗ് കിരീടം വീണ്ടും ഓസ്ട്രേലിയയിലെത്തിച്ച് പോണ്ടിംഗ് വിമര്‍ശകരെ അല്‍‌പമൊന്നടക്കി. ഇതിന് പിന്നാലെയാണ് റിക്കിയും കൂ‍ട്ടരും ഇന്ത്യയിലേക്ക് തിരിച്ചത്. പക്ഷെ ചാമ്പ്യന്‍സ് ലീഗിലെ പോണ്ടിംഗിന്‍റെയും കൂട്ടരുടെയും ജയത്തില്‍ ഓസീസിലെ മിക്ക ക്രിക്കറ്റ് വിദഗ്ധരും തൃപ്തരല്ല. തട്ടിയും മുട്ടിയും ടൂര്‍ണ്ണമെന്‍റ് കളിച്ച ഓസീസിന് കപ്പ് നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നാണ് ഇവരുടെ അഭിപ്രായം.

അതുകൊണ്ടുതന്നെയാണ് റിക്കി പോണ്ടിംഗിന് ഇന്ത്യന്‍ പര്യടനം അഭിമാനപ്രശ്നമാകുന്നതും. ഇന്ത്യ-ഓസ്ട്രേലിയ പോരിനും വീറും വാശിയും ആരാധകരും എന്നും ഉണ്ടായിരുന്നു. ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തോട് സമാനമായ ആവേശമാണ് ഇന്ത്യ-ഓസീസ് പോരിലും ദൃശ്യമാകാറുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നും വെറും കയ്യോടെ മടങ്ങിയാല്‍ വിമര്‍ശകരുടെ വാള്‍ വീണ്ടും തലയ്ക്ക് മുകളില്‍ തൂങ്ങുമെന്ന് പോണ്ടിംഗിനറിയാം. എന്തുവിലകൊടുത്തും ഇന്ത്യയില്‍ നിന്ന് പരമ്പരയുമായി മടങ്ങാനാകും പോണ്ടിംഗിന്‍റെ ശ്രമം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ സ്ഥിതിയും മറിച്ചല്ല. കോം‌പാക് കപ്പിലെ വിജയത്തിന്‍റെ പകിട്ടില്‍ ചാമ്പ്യന്‍സ് ലീഗിനെത്തിയ ടീം ഇന്ത്യ സെമിപോലും കാണാതെ മടങ്ങി. അതിനുമുമ്പ് ട്വന്‍റി-20 ലോകകപ്പിലും ഇന്ത്യ നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മുന്‍ നിര ടൂര്‍ണ്ണമെന്‍റില്‍ കൈവിറയ്ക്കുക എന്നത് ഇന്ത്യന്‍ ടീമിനെ ഇന്നും ഒരു തീരാശാപം പോലെ പിന്തുടരുന്നു. മികച്ച ഒരു ബൌളറുടെ പിറവിക്കായി ഇനിയും നാം കാത്തിരിക്കണമെന്നാണ് സമീപകാല കളികള്‍ വ്യക്തമാക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ഭാഗ്യത്തെ പഴിചാരുമ്പോഴും പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ഉദാസീനമായ പ്രകടനത്തിനെതിരെ വിമര്‍ശകര്‍ അമ്പെടുത്തുകഴിഞ്ഞു. ആ ഒറ്റ മത്സരമാണ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ വിധി നിര്‍ണ്ണയിച്ചതെന്ന കാര്യം ഇവരുടെ ആയുധത്തിന്‍റെ മൂര്‍ച്ച കൂട്ടുന്നു.
അതുകൊണ്ടുതന്നെ ഓസീസുമായുള്ള പരമ്പര വിജയിക്കേണ്ടത് ധോണിയുടെയും ആവശ്യമാണ്.

പഴയ സ്ഫോടനാത്മക ബാറ്റിംഗ് ധോണി മറന്നതും ആരാധകര്‍ക്ക് നിരാശ നല്‍കുന്നുണ്ട്. ടീമിന്‍റെ വിജയത്തിന് ധോനിയുടെ സ്ഫോടനാത്മക ബാറ്റിംഗാണ് മിക്കപ്പോഴും തുണയാകുക എന്ന് അടുത്ത് നടന്ന മത്സരങ്ങള്‍ ഉദാഹരണമാക്കി വിദഗ്ധര്‍ സാക്‍ഷ്യപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം മുറ്റത്ത് പരമ്പര നേട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകരെ തൃപ്തരാക്കില്ലെന്നും ഇന്ത്യയുടെ ഊര്‍ജ്ജസ്വലനായ നായകനെന്ന് പേരെടുത്ത ധോനിക്ക് അറിയാം. കുറച്ച് നാളായി ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്നതില്‍ വില്ലന്‍ പരിവേഷവുമായി നിന്ന പരുക്കില്‍ നിന്ന് താരങ്ങള്‍ മുക്തരായതില്‍ ധോണിക്ക് ആശ്വസിക്കാം. ഇനി അറിയേണ്ടത് ഒന്നുമാത്രം. നവംബര്‍ പതിനൊന്നിന് ഏഴാം ഏകദിനത്തിന് മുംബൈയില്‍ കൊട്ടിക്കലാശം നടക്കുമ്പോള്‍ ആരാണ് ചിരിച്ചുകൊണ്ട് മടങ്ങുക ധോനിയോ അതോ പോണ്ടിംഗോ?.

വെബ്ദുനിയ വായിക്കുക