ക്രിക്കറ്റ് എന്ന പാശ്ചാത്യവിനോദം ഇന്ത്യയിലെത്തിയിട്ട് രണ്ട് നൂറ്റാണ്ടിലധികമായി. എന്നാല്‍ ഇന്ത്യക്കാരുടെ ഊണിലും ഉറക്കത്തിലും ആ വിനോദം കയറിക്കൂടിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. പാശ്ചാത്യനാടുകളില്‍ നിന്ന് ഏഷ്യയിലേക്ക് നിരവധി കായിക ഇനങ്ങള്‍ കുടിയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ക്രിക്കറ്റിന്‍റെ അത്ര സ്വീകാര്യത ഇനിയും ലഭിച്ചിട്ടില്ല.
ആദ്യകാലങ്ങളില്‍ ക്രിക്കറ്റിന്‍റെ ആസ്വാദ്യത ഒരു വിഭാഗം ജനങ്ങളില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഇന്നത് സാധാരണ സമൂഹത്തില്‍വരെ എത്തിയിരിക്കുന്നു. ഈ സ്വീകാര്യതയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്ക്ക് പരവതാനി വിരിച്ചത്. കിവിപ്പക്ഷികളുടെ നാട്ടില്‍ നൂറാം ടെസ്റ്റ് വിജയം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രവും പിന്നോട്ട് പോവുകയാണ്. പരിമിതികളില്‍ നിന്നും പരിദേവനങ്ങളില്‍ നിന്നും ഊതിക്കാച്ചിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയില്‍ ഊടും പാവും നെയ്തവര്‍. ഒട്ടും താരപ്പൊലിമ ഇല്ലാതിരുന്ന ഒരു കാലത്തും ഇന്ത്യയുടെ വിജയത്തിനായി ഗ്രൌണ്ടില്‍ വിയര്‍പ്പൊഴുക്കിയവര്‍. പട്യാല മഹാരാജാവ് മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ വരെയെത്തുന്നു ഈ നിര.
ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ലങ്കയുമെല്ലാം ക്രിക്കറ്റെന്ന കായിക വിനോദത്തെ ഇന്ന് ഒരു ലഹരിയായി ശിരസിലേറ്റിയിരിക്കുന്നു. വിരസമാര്‍ന്ന അഞ്ച് ദിന കളികളില്‍ നിന്നും ആവേശം വാനോളമുയര്‍ത്തുന്ന ഏകദിനങ്ങളിലേക്കും കളിക്കളത്തിലെ ചടുലതയുടെ പ്രതീകമായ ട്വന്‍റി-20യിലേക്കും ക്രിക്കറ്റ് വഴിമാറപ്പെട്ടു. എങ്കിലും ഇന്നും ക്രിക്കറ്റിന്‍റെ അടിസ്ഥാന രൂപമായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് സ്വീകാര്യത ഏറെയാണ്.
PRO
പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് ക്രിക്കറ്റ് ഇന്ത്യയിലേക്ക് വിരുന്നിനെത്തിയത്. ഇന്ത്യയില്‍ എത്തിയിരുന്ന യൂറോപ്യന്‍ നാവികരാണ് ക്രിക്കറ്റിനെ ഇവിടേക്ക് പരിചയപ്പെടുത്തിയത്. 1848ല്‍ ബോംബെയിലെ പാഴ്സി സമൂഹം ഇന്ത്യയില്‍ ആദ്യ ക്രിക്കറ്റ് ക്ലബിന് തുടക്കമിട്ടു. ഓറിയന്‍റല്‍ ക്രിക്കറ്റ് ക്ലബ്ബ് എന്നായിരുന്നു ഇതിന്‍റെ പേര്. ഇതിന്‍റെ തുടര്‍ച്ചയായി രണ്ട് ദശാബ്ദത്തിനുള്ളില്‍ ഏകദേശം മുപ്പതോളം ക്രിക്കറ്റ് ക്ലബ്ബുകളാണ് രൂപീകൃതമായത്.
രഞ്ജിത് സിംഗ്ജിയാണ് ആദ്യം ടെസ്റ്റ് കളിച്ച ഇന്ത്യാക്കാരന്‍. കേംബ്രിഡ്ജ് യൂണീവേഴ്സിറ്റിയില്‍ പഠനത്തിന് പോയ സിംഗ്ജി ഇംഗ്ലണ്ടിന് വേണ്ടിയായിരുന്നു കളത്തിലിറങ്ങിയത്. 1896ലായിരുന്നു ഇത്. ഇന്നും രഞ്ജി ട്രോഫിയിലൂടെ ഇന്ത്യ സിംഗ്ജിയെ ഓര്‍ക്കുന്നു.
ഇന്ത്യയില്‍ ക്രിക്കറ്റ് പ്രചരിപ്പിച്ചതില്‍ പാഴ്സി സമൂഹത്തിന് വലിയ പങ്കാണുള്ളത്. ഇവരുടെ ഇടയിലെ ഇടത്തരക്കാരായിരുന്നു കൂടുതലും ക്രിക്കറ്റ് കളിച്ചിരുന്നത്. ഇവരുടെ ക്രിക്കറ്റ് പ്രേമം കണ്ട് യൂറോപ്യന്‍മാര്‍ മത്സരങ്ങള്‍ക്ക് പോലും ക്ഷണിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പാഴ്സികള്‍ യൂറോപ്യന്‍മാരുമായി ഇന്ത്യയില്‍ ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ടുതുടങ്ങിയിരുന്നു.
1911ലാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് ഔദ്യോഗികമായി പര്യടനം നടത്തുന്നത്. എന്നാല്‍ ഇംഗ്ലണ്ട് ടീമുമായി കളിക്കാന്‍ ഇവര്‍ക്കായില്ല. കൌണ്ടി ടീമുകളുമായി മാത്രമായിരുന്നു മത്സരം. 1932ല്‍ സികെ നായിഡുവിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് മത്സരം കളിക്കുന്നത്. ജൂണ്‍ 25 ന് ലോര്‍ഡ്സിലായിരുന്നു ഈ അരങ്ങേറ്റമത്സരം. കളിയില്‍ പയറ്റിത്തെളിഞ്ഞ ഇംഗ്ലണ്ടിനെതിരെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ടീം ഏറെ പാടുപെട്ടു. മൂന്നു ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്ത്യ 158 റണ്‍സിന് തോറ്റു.
PRO
30കളിലും 40 കളിലും ഇന്ത്യന്‍ ടീം ഏറെ മെച്ചപ്പെട്ടെങ്കിലും ടെസ്റ്റില്‍ ആദ്യ അന്താരാഷ്ട്ര വിജയത്തിനായി ഇന്ത്യയ്ക്ക് ഇരുപത് കൊല്ലം കൂടി കാത്തിരിക്കേണ്ടിവന്നു. 1948 ല്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ക്രിക്കറ്റ് ടീമിന്‍റെ ആദ്യ പോരാട്ടം. അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ ആ പരമ്പര 4-0 ത്തിന് ഓസീസ് തൂത്തുവാരി.
1952ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം. അതുവരെ അന്യമായി നിന്ന എന്തോ സ്വായത്തമാക്കിയ പ്രതീതിയായിരുന്നു ടീമംഗങ്ങള്‍ക്ക്. ഇന്നിങ്‌സിനും എട്ടുറണ്‍സിനുമായിരുന്നു ഇന്ത്യ വിജയമധുരം നുണഞ്ഞത്. രണ്ടിന്നിംഗ്സിലുമായി പന്ത്രണ്ട് വിക്കറ്റുകള്‍ കൊയ്ത വിനുമങ്കാദ്, പങ്കജ് റോയി (111 റണ്‍സ്), പോളി ഉമിഗ്രര്‍ (130 നോട്ടൌട്ട്) , ഫസ്കര്‍ തുടങ്ങിയവരാണ് ഇന്ത്യയെ വിജയപീഠത്തിലെത്തിച്ചത്.
ക്രിക്കറ്റിന് ഇന്നത്തെപ്പോലെ ആരാധകരോ താരപ്പൊലിമയോ ഇല്ലാതിരുന്ന അക്കാലത്ത് ഇന്ത്യയുടെ വിജയത്തിനും പകിട്ടു കുറവായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ അന്ന് ആ ജയം വാര്‍ത്തയായി നിറഞ്ഞു. ആ വര്‍ഷം ഒടുവില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി. ഒരു ടെസ്റ്റ് പരമ്പര എന്നത് ഇന്ത്യയ്ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന കാലമായിരുന്നു അത്. പിന്നീട് നാല് വര്‍ഷത്തിന് ശേഷം 1956ല്‍ ന്യൂസീലന്‍ഡിനെതിരെയും ഇന്ത്യ പരമ്പര സ്വന്തമാക്കി.
60 കളില്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യ പതുക്കെ എതിരാളികളെ വിറപ്പിച്ചുതുടങ്ങി. സ്വന്തം ഗ്രൌണ്ടുകളില്‍ ന്യൂസിലാന്‍ഡിനെതിരെ രണ്ട് പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയും പാകിസ്ഥാനെയും ഇക്കാലയളവില്‍ സമനിലയില്‍ തളയ്ക്കുകയും ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു മികച്ച ടീമായി മാറാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പിന്നെയും ഏറെ സമയം വേണ്ടിവന്നു. ആദ്യ അമ്പത് വര്‍ഷങ്ങളില്‍ ഇന്ത്യ കളിച്ച 196 മത്സരങ്ങളില്‍ ജയിച്ചത് 35 എണ്ണത്തില്‍ മാത്രമാണ്.
PRO
70കളിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് മെച്ചപ്പെട്ടുതുടങ്ങിയത്. ഗവാസ്കറിനെ പോലുള്ള പ്രഗത്ഭതാരങ്ങളെ ഇന്ത്യയ്ക്ക് ഈ കാലയളവില്‍ ലഭിച്ചു. അജിത് വാഡേക്കര്‍, ബിഷന്‍ സിങ് ബേദി, ഏറാപ്പള്ളി പ്രസന്ന, ബി.ചന്ദ്രശേഖര്‍, എസ്,വെങ്കട്ടരാഘവന്‍, ഗുണ്ടപ്പ വിശ്വനാഥ് തുടങ്ങിയവരുടെ സംഭാവനകള്‍ ഒരിക്കലും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മരിക്കാനാകാത്തതാണ്.
1971ല്‍ വെസ്റ്റിന്‍ഡീസിലും ഇംഗ്ലണ്ടിലും ഇന്ത്യ പരമ്പര പരമ്പര നേടി. വിന്‍ഡീസിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ നാല് മത്സരങ്ങളില്‍നിന്ന് മൂന്ന് സെഞ്ച്വറിയോടെ ഗവാസ്കര്‍ 774 റണ്‍സ് നേടി. പിന്നീട് ക്രിക്കറ്റിന്‍റെ തങ്കലിപികളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചുതുടങ്ങി. സുനില്‍ ഗാവസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. 34 ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. 434 വിക്കറ്റുകളോടെ കപില്‍ദേവ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനുമായി.
ആ നിര ഇപ്പോള്‍ സച്ചിനിലും ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളിലും എത്തിനില്‍ക്കുന്നു. 90 കളുടെ തുടക്കത്തിലായിരുന്നു ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും ക്രിക്കറ്റ് കടന്നുവരുന്നത്. അപ്പോഴേക്കും, മെച്ചപ്പെട്ട പരിശീലനവും പ്രൊഫഷണലിസവും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ന് ടെസ്റ്റിലും ഏകദിനത്തിലും ലോകത്തെ മികച്ച ടീമുകളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. 99 ജയങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് 428 ടെസ്റ്റുകള്‍ വേണ്ടിവന്നു എന്നത് അതിശയത്തോടെയാകും ഇന്നത്തെ സ്ഥിതിയില്‍ പുതുതലമുറ വീക്ഷിക്കുന്നത്.