പ്രളയക്കെടുതിയില്‍ ഉഴലുന്ന പാക് ജനതയെ നാണക്കേടിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ടുകൊണ്ട് മറ്റൊരു കോഴ ആരോപണം കൂടി. വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത പാക് ക്രിക്കറ്റിന്റെ ഭാവി തന്നെ വലിയൊരു ചോദ്യ ചിഹ്നമാക്കിക്കൊണ്ടാണ് പുതിയ ആരോപണമെന്നത് ശ്രദ്ധേയമാണ്. വിവാദമായ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയും ട്വന്റി-20 ലോകകപ്പിനിടെയും പാകിസ്ഥാന് കളിക്കാര്‍ക്ക് നേരെ സംശയമുന നീണ്ടിരുന്നെങ്കിലും അന്നൊന്നും കൈയോടെ പിടിക്കപ്പെട്ടിരുന്നില്ല.
ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനുനേരെ ലാഹോറില്‍ വെച്ചുണ്ടായ ആക്രമണത്തിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏതാണ്ട് ഒറ്റപ്പെട്ടുപോയ പാകിസ്ഥാന് ക്രിക്കറ്റിനെ കൂടുതല്‍ ഒറ്റപ്പെടുത്താനെ പുതിയ വിവാദങ്ങള്‍ വഴിവെയ്ക്കൂ എന്ന് വ്യക്തം. 1992ല്‍ ഇമ്രാന് ഖാന് ലോകകപ്പ് ഉയര്‍ത്തിയ ശേഷം ലോക ക്രിക്കറ്റില്‍ തല ഉയര്ത്തില് നില്ക്കാന് അധികം അവസരമൊന്നും പാകിസ്ഥാന് ലഭിച്ചിട്ടില്ല. 2009ല്‍ ട്വന്റി-20 ലോക കിരീടം നേടിയത് മാത്രമാണിതിനൊരു അപവാദം. എന്നാല്‍ തല താഴ്ത്തി നില്‍ക്കാനാകട്ടെ അവസരങ്ങള്‍ ഒട്ടേറെ ഉണ്ടായിരുന്നു താനും.
ഈ പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് ടീമിനെക്കുറിച്ച് മുന്‍പുയര്‍ന്ന ചില ആരോപണങ്ങളിലൂടെ. പാകിസ്ഥാനില്‍ അമ്പയറിംഗ് എന്നത് എന്നും ഒരു തമാശയാണ്. അല്ലെങ്കില്‍ ഈ കണക്കൊന്നു ശ്രദ്ധിച്ചു നോക്കു. മുന്‍ പാകിസ്ഥാന് നായകന് ജാവേദ് മിയാന്‍ദാദ് 124 ടെസ്റ്റുകളില്‍ 33 തവണ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായിട്ടുണ്ട്. എന്നാല്‍ ഇതില്‍ പാകിസ്ഥാന് അമ്പയര്‍മാര്‍ ജാവേദിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത് വെറും നാലു തവണ മാത്രം.
1992ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര പാകിസ്ഥാന് 2-1ന് സ്വന്തമാക്കി. പേസ് ബൌളര്മാരയ വഖാറും അക്രമും ചേര്‍ന്ന് ഈ പരമ്പരയില്‍ നേടിയ വിക്കറ്റുകളുടെ എണ്ണം 43. പാക് താരങ്ങളുടെ പന്തു ചുരണ്ടല്‍ കലയെക്കുറിച്ച് അലന് ലാംബ് വെളിപ്പെടുത്തുന്നത് വരെ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനങ്ങളിലൊന്നായി ഇതു തുടര്‍ന്നു.
ക്രിക്കറ്റിലേക്ക് ഒത്തുകളിയെന്ന ഭൂതത്തെ ആദ്യമായി തുറന്നുവിട്ടതിന്റെ ക്രെഡിറ്റും ഒരു പാക് നായകന് അവകാശപ്പെട്ടതാണ്. 1994ല്‍ പാകിസ്ഥാന് നായകനായിരുന്ന സലീം മാലിക് ഓസ്ട്രേലിയന്‍ താരങ്ങളായ മാര്‍ക് വോ, ഷെയ്ന് വോണ്‍ എന്നിവരെ സമീപിച്ച് ഒത്തുകളിക്ക് പ്രേരിപ്പിച്ചുവെന്നായിരുന്നു ആരോപണം.
പേസ് ബൌളിംഗ് പ്രതിഭകളെ ഒന്നിനു പുറകെ ഒന്നായി പടച്ചുവിടുന്ന പാകിസ്ഥാന്റെ വജ്രായുധങ്ങളിലൊന്നായിരുന്നു ഷൊയൈബ് അക്തര്‍ എന്ന അതിവേഗക്കാരന്. എന്നാല്‍ മയക്കു മരുന്ന് കേസില്‍ മുഹമ്മദ് ആസിഫിനൊപ്പം പിടിക്കപ്പെട്ടതോടെ അക്തറും പാകിസ്ഥാനും ഒരിക്കല്‍ കൂടി നാണം കെടുകയായിരുന്നു.
ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിനു നേര്‍ക്ക് തീവ്രവാദികള്‍ നിറയൊഴിച്ചപ്പോള്‍ അതുകൊണ്ട് മുറിവേറ്റത് ലങ്കന്‍ താരങ്ങള്‍ക്ക് മാത്രമായിരുന്നില്ല. പാകിസ്ഥാന് ക്രിക്കറ്റിന് ഒന്നാകെയായിരുന്നു. ആ മുറിവിന്റെ വേദന ഇനിയും ഒടുങ്ങിയിട്ടില്ല. അതിനു മുന്‍പെ പാകിസ്ഥാനെ നാണക്കേടിന്റെ പടുകുഴുയിലേക്ക് തള്ളിയിട്ടുകൊണ്ട് മറ്റൊരു ആരോപണം കൂടി.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ആരോപണമുയര്‍ന്നപ്പോള്‍ മുതിര്‍ന്ന കളിക്കാരടക്കം ഏഴു താരങ്ങള്‍ക്ക് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ ക്രിക്കറ്റ് തന്നെ വിലക്കാന്‍ സര്‍ക്കാര്‍ ആലോചിക്കാന്‍ സാധ്യതയുണ്ട്. അതിനേക്കാള്‍ ഉപരി ട്വന്റി-20 ക്രിക്കറ്റിന്റെ വരവോടെ മരണക്കിടക്കിയിലായ ടെസ്റ്റ് ക്രിക്കറ്റിന്റെ വിശ്വാസ്യത തന്നെ പുതിയ ആരോപണത്തോടെ വലിയൊരു ചോദ്യ ചിഹ്നമായി.
ഏതൊരു കായിക മത്സരവും നിലനില്‍ക്കുന്നത് കാണികളും കളിക്കാരും തമ്മിലുള്ള ഒരു വിശ്വാസത്തിലാണ്. രാജ്യത്തെയോ സ്വന്തം ടീമിനെയോ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്ന താരം കൈയ് മെയ് മറന്ന് അത് സാക്ഷാത്കരിക്കാന്‍ വേണ്ടി പോരാടുമെന്ന ആരാധകന്റെ വിശ്വാസം. ആ വിശ്വാസമാണ് ഇപ്പോള്‍ പളുങ്ക് പാത്രം പോലെ തകര്ന്നുടഞ്ഞിരിക്കുന്നത്. അത് വീണ്ടെടുക്കുക എന്നത് ശരദ് പവാര്‍ നേതൃത്വം നല്കുന്ന ക്രിക്കറ്റിന്റേ മേലാളന്മാര്ക്ക് അത്ര എളുപ്പമാവില്ല.