കുറുമ്പുകളില്ലാതെ സൈമണ്ട്സ്

ചൊവ്വ, 10 മാര്‍ച്ച് 2009 (20:30 IST)
ഓസീസ് ക്രിക്കറ്റ് ടീമിന്‍റെ തലവേദനയായിരുന്ന സൈമണ്ട്സ് ഇപ്പോള്‍ മര്യാദക്കാരനാണ്. ദേഷ്യം പിടിക്കാനറിയാത്ത, തികഞ്ഞ അച്ചടക്കമുള്ള മര്യാദരാമന്‍. ഇതിന് എന്താണ് ഗ്യാരണ്ടിയെന്ന് കരുതി മുഖം ചുളിക്കണ്ട. ഉറപ്പു നല്‍കുന്നത് സൈമണ്ട്സ് തന്നെയാണ്.

തികഞ്ഞ ശാന്തനാണ് സൈമണ്ട്സ് ഇപ്പോള്‍. ആ മുഖത്ത് നോക്കിയാലറിയാം, പണ്ട് ഭാജിക്ക് നേരെയെറിഞ്ഞ കത്തുന്ന നോട്ടം അപ്രത്യക്ഷമായിരിക്കുന്നു. പഴയ മുഷ്ടിചുരുട്ടലും ഇല്ല. മീന്‍‌പിടിക്കാന്‍ പോകാമെന്ന് പറഞ്ഞാല്‍ അങ്ങനൊരു കലാപരിപാടി അറിയില്ലെന്ന് തന്നെ വേണമെങ്കില്‍ സൈമണ്ട്സ് പറഞ്ഞുകളയും.

ഈ മാറ്റങ്ങള്‍ക്ക് സൈമണ്ട്സ് നന്ദി പറയുന്നത് കൌണ്‍സിലിംഗിനോടാണ്. ഒപ്പം, തന്നെ നേര്‍വഴിക്ക് നടത്താമെന്നുള്ള റിസ്ക് ഏറ്റെടുത്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും. ടീമിനകത്തും പുറത്തുമുള്ള തുടര്‍ച്ചയായ അച്ചടക്കലംഘനത്തിന്‍റെ പേരില്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് സൈമണ്ട്സിന് കൌണ്‍സിലിംഗ് ഏര്‍പ്പെടുത്തിയത്. ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ ഓസീസ് ക്രിക്കറ്റിന് മികച്ച ഒരു താരത്തെ നഷ്ടമാകില്ലായിരുന്നു! ഇനി പറഞ്ഞിട്ടു കാര്യമില്ല, കാരണം പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ?

ഏതായാലും കൌണ്‍സിലിംഗ് ഉടനെയെങ്ങും നിര്‍ത്തേണ്ടെന്ന തീരുമാനത്തിലാണ് സൈമണ്ട്സ്. ലാഹോര്‍ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താത്വികതലത്തിലായിരുന്നത്രേ സൈമണ്ട്സിന്‍റെ പ്രതികരണം. ജീവിതത്തില്‍ പ്രാധാന്യമുള്ളതെന്തെന്ന് തിരിച്ചറിയാന്‍ ഇത്തരം സംഭവങ്ങള്‍ തനിക്കിട നല്‍കിയെന്ന് സൈമണ്ട്സ് പറഞ്ഞു.

മദ്യപാന ശീലം നിയന്ത്രിക്കാനും താന്‍ പഠിച്ചതായി സൈമണ്ട്സ് പറയുന്നു. മൂക്കുമുട്ടെ കുടിച്ച പഴയ കാലത്തെ, നഷ്ടബോധത്തോടെയാ‍ണ് സൈമണ്ട്സ് ഇപ്പോള്‍ ഓര്‍ക്കുന്നത്. ധനനഷ്ടം, മാനനഷ്ടം അങ്ങനെ പലവിധ നഷ്ടങ്ങള്‍. കുടിക്കാന്‍ കലശലായ ആഗ്രഹം തോന്നുമ്പോള്‍ ഒരു ബിയറിലൊതുക്കുമെന്നും സൈമണ്ട്സിന്‍റെ കുമ്പസാരം. കൂനിന്‍മേല്‍ കുരുപോലെ പിടിച്ച പരിക്കും കൂടി ഭേദമായാല്‍ ടീമിലേക്ക് മടങ്ങിയെത്താനാകുമെന്നും സൈമണ്ട്സ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക