കോടികള്‍ മറിയുന്ന കായികവിനോദമാണ് ക്രിക്കറ്റ്. മറ്റ് ഏത് കായികതാരങ്ങളേക്കാള്‍ നമ്മുടെ നാട്ടില്‍ വരുമാനമുണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക്. സ്വാഭാവികമായും അവരുടെ കാറുകളും കോടികളുടേത് തന്നെ. വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് മിക്കവരുടെയും യാത്രകളെ ആഡംബരമാക്കുന്നത്.
സച്ചിന്റെ ആദ്യ കാര്‍ മാരുതി 800
മാസ്റ്റര്‍ ബ്ലാസ്റ്ററെ സംബന്ധിച്ച് എന്തും വാര്‍ത്തയാണ്. ക്രിക്കറ്റ് കളിക്കാതെയിരിക്കുമ്പോള് സച്ചിന് എന്ത് ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. ഫോര്‍മുല വണ്ണിന്റെ വേഗം ആസ്വദിക്കുവാന്‍. ഒരു കാര്‍ പ്രേമിയായ സച്ചിന്റെ ശേഖരത്തില്‍ നാല്‍പ്പതോളം കാറുകളുണ്ട്.
സച്ചിന് ടെസ്റ്റ് സെഞ്ചുറിയില്‍ ഡോണ്‍ ബ്രാഡ്മാന്റെ ഒപ്പമെത്തിയപ്പോള്‍ ഫിയറ്റ് നല്കിയ ‘ഫെറാരി 360 മൊഡേന‘യെന്ന കാറും അതു സൃഷ്ടിച്ച കസ്റ്റംസ് ഡ്യൂട്ടി വിവാദങ്ങളും പലരും ഓര്‍ക്കുന്നുണ്ടാവും. 2002-ല്‍ ബ്രിട്ടണില്‍ സമ്മാനമായി നല്കിയ ഫെരാരി ഇന്ത്യയില്‍ എത്തിക്കുന്നതിന് നികുതി ഇളവ് നല്കിയ സര്‍ക്കാര്‍ നടപടി വ്യാപകമായി പ്രതിഷേധത്തിനു കാരണമായി.
കമ്പനി തന്നെ നികുതി അടച്ചാണ് ഫെറാരിയെ സച്ചിന് സ്വന്തമാക്കിക്കൊടുത്തത്. ആ ചുവന്ന സുന്ദരന്‍ കാര്‍ സൂറത്തിലെ ഒരു വ്യാപാരിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നതും പിന്നീട് വാര്‍ത്തയായി മാറി.
2002ല്‍ ഡോണ്‍ ബ്രാഡ്മാന്റെ 29 സെഞ്ച്വറി എന്ന റെക്കോര്‍ഡ് മറികടന്നതിന്റെ ആദരവായിട്ടാണ് സച്ചിന് ഈ കാര്‍ എഫ് വണ്‍ കാര്‍ റേസിംഗ് ചാമ്പ്യന്‍ മൈക്കിള്‍ ഷുമാക്കര്‍ സമ്മാനിച്ചത്. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഷുമാക്കര്‍ നേരിട്ട് പുതിയ കാര്‍ സമ്മാനിക്കുകയായിരുന്നു. ഇറക്കുമതി ഡ്യൂട്ടി ഇനത്തില്‍ 1.13 കോടി അടയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സമ്മാനമായി ലഭിച്ച കാര്‍ ആയതിനാല്‍ ഡ്യൂട്ടിയില്ലാതെ ഇറക്കുമതി അനുവദിക്കണമെന്നായിരുന്നു സച്ചിന്റെ ആവശ്യം.
സര്‍ക്കാര്‍ പിന്നീടിത് അനുവദിക്കുകയായിരുന്നുവെങ്കിലും വിവാദത്തിനു കാരണമായി. ഫെറാരി കാര്‍ വിറ്റ സച്ചിന് ടെണ്ടുല്‍ക്കര്‍ പിന്നീടാണ് നിസ്സാന്‍ ജിറ്റി ആര് വാങ്ങിയത്. ദുബായിലെ അറേബ്യന്‍ ഓട്ടോമൊബൈലില്‍ നിന്നാണ് സച്ചിന് ഇവനെ വാങ്ങിയത്. 87,000 ഡോളറാണു ഇതിന്റെ വില. ദുബായില്‍ നിന്നുമെത്തിച്ച കാറിനൊപ്പം രണ്ടു എന്‍ജിനീയര്‍മാര്‍ കൂടി ഉണ്ടായിരുന്നു. സച്ചിന് യോജിച്ച രീതിയില്‍ കാര്‍ സജ്ജീകരിക്കാനാണ് ഇവര്‍ എത്തിയത്.
നിരവധി മത്സരങ്ങളില്‍ നിന്നും നിരവധി കാറുകള്‍ സച്ചിന് ലഭിച്ചിട്ടുണ്ട്. സില്‍വര്‍ നിറമുള്ള മെര്‍സിഡസ് ബെന്‍സ്, ബ്ലാക്ക് ഓപെല്‍ ആസ്ട്ര, സ്കോഡ. ഇതില്‍ ഏറ്റവും പുതിയത് ഒരു വോള്‍വൊ എസ് 80 ആണ്. പക്ഷേ കോടിക്കണക്കിന് രൂപയുടെ കാറുകളില്‍ സഞ്ചരിക്കുമ്പോഴും പലര്‍ക്കും അറിയില്ല, സച്ചിന്റെ ആദ്യ കാര്‍ ഒരു മാരുതി 800 ആണ് എന്ന്.
കാറും ബൈക്കും ധോണിയ്ക്ക് പ്രിയം
വേഗത ഇഷ്ടപ്പെടുന്ന ധോണിക്ക് സ്വാഭാവികമായും പ്രിയം സ്പോര്‍ട്സ് ബൈക്കുകളോടാണ്. യമഹ 650 സ്പോര്‍ട്സ് ബൈക്കും കാവാസാക്കി നിഞ്ചയും ഹാര്‍ലി ഡേവിഡ്സണും ധോണിക്കുണ്ട്. 14ഓളം ബൈക്കുകളും 28 ലക്ഷം വിലയുള്ള ഹെല്ക്യാറ്റും ധോണിക്ക് മാത്രം സ്വന്തം. ഒരു മൂന്നാം തലമുറ ഹെല്ക്യാറ്റാണ് ധോണി സ്വന്തമാക്കിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ആദ്യ ഹെല്‍ക്യാറ്റ് ഉടമയും ധോണി തന്നെ. വണ്ടിപ്രേമം ലോകത്തെ അറിയിച്ച് മഹേന്ദ്ര സിങ് ധോണി സ്വന്തമായി ഒരു ബൈക്ക് റേസിംഗ് ടീം തുടങ്ങിയിരിക്കുന്നു.
എംഎസ്ഡി ആര്-എന്‍ ടീം ഇന്ത്യ എന്നാണ് റേസിംഗ് ടീമിന്റെ പേര്. യുകെ ആസ്ഥാനമായുള്ള ഈ ടീം കാവസാക്കി സെഡ്എക്സ്-6ആര് ആണ് ഓടിക്കുന്നത്. പക്ഷേ ധോണിയ്ക്ക് കാറിനോടുള്ള പ്രിയവും കുറവല്ല. ഒരു കോടി രൂപയ്ക്കാണ് ധോണി അടുത്തിടെ ഒരു ഹമ്മര്‍ വാങ്ങിയത്. H2 മോഡലാണ് ധോണിയുടെ പക്കലുള്ളത്. കൂടാതെ ടൊയോട്ട കൊറോള, സ്കോര്‍പിയോ, പജീറോ എന്നിവയും ധോണിയുടെ വാഹനശേഖരത്തിലുണ്ട്.
യുവിക്ക് അച്ഛന് നല്‍കിയത് ഹോണ്ട സിറ്റി
എസ് യു വി അഥവാ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ യുവിയുടെ പേരില്‍ത്തന്നെ ഉണ്ടെങ്കിലും യുവിക്ക് പ്രിയം ആഡംബര കാറുകളോടാണ്. ബുദ്ധ ഇന്റെര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തന്റെ ലംബോര്‍ഗ്ഗിനി ഒരു കറക്കുകറക്കി യുവി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മെര്‍സിഡസ് ബെന്‍സ്, ബി എം ഡബ്ബ്യു എം 5, എം 3, ഓഡി A8L എന്നിവയും യുവിയുടെ ശേഖരത്തിലുണ്ട്. പക്ഷേ യുവിയുടെ ആദ്യ കാര്‍ അച്ഛന് സമ്മാനം നല്‍കിയതാണ് - ഒരു ഹോണ്ട സിറ്റി കാര്‍.
ഗാംഗുലി കാറുകളുടെയും രാജാവ്
കൊല്‍ക്കത്തയുടെ രാജകുമാരന് പക്ഷേ കാറുകളുടെ കാര്യത്തില്‍ രാജാവ് തന്നെയാണ്. 20 മെര്‍സിഡസ് ബെന്‍സ് കാറുകളും നാല് ബിഎംഡബ്ലിയു കാറുകളും ഗാംഗുലിയ്ക്കുണ്ട്. എച്ച് 2 മോഡലാണ് ഗാംഗുലിയുടെ പക്കലുള്ളത്.
ഗംഭീരിന്റെ ഗംഭീരകളക്ഷന്
ആഡംബര കാറുകള്‍ അധികമില്ലെങ്കിലും ഗംഭീര കാര്‍ കളക്ഷനാണ് ഗൌതം ഗംഭീറിനുള്ളത്. ടൊയോട്ട കൊറോള, മാരുതി SX4, മഹിന്ദ്ര സ്റ്റിംഗര്‍ എന്നിവ.
ഹര്‍ഭജന്റെ ഹമ്മറിന് 3000 പിഴ
ഹര്ഭജന് സിംഗ് എന്ന ദേഷ്യക്കാരന്റെ പ്രിയ വാഹനവും നമുക്ക് അറിയാം. തന്റെ വെള്ളിനിറമുള്ള ഹമ്മര്‍ H3 ലൈസന്‍സ് പ്ലേറ്റ് ഇല്ലാതെ റോഡിലൂടെ പറത്തിയതിന് 3000 രൂപ പിഴ കൊടുക്കേണ്ടി വന്നത് നമ്മള് പത്രങ്ങളിലൂടെ വായിച്ചിരുന്നു. ഹമ്മര്‍ കൂടാതെ ഒരു ഫോര്‍ഡ് എന്‍ഡെവറും ഭാജിക്കുണ്ട്. പിന്നെ നിരവധി കാറുകളും ബൈക്കുകളും പല മത്സരത്തിലെയും മികവിനു കിട്ടിയ സമ്മാനമായി വീട്ടിലിരിക്കുന്നുണ്ട്.