ചരിത്രത്തിന്‍റെ പടിവാതില്‍ക്കല്‍ പുറത്തായപ്പോഴും ‘പോട്ടെ ഇനി അടുത്ത തവണ ശ്രമിക്കാ’മെന്ന് ഇത്രയും ലാഘവത്തോടെ പറയാന്‍ വീരേന്ദര്‍ സേവാഗിനേ കഴിയൂ. ഈ അനായാസത തന്നെയാണ് വീരേന്ദര്‍ സേവാഗിന്‍റെ ബാറ്റിംഗ് ശൈലിക്കും. കോപ്പി ബുക്ക് ശൈലിയില്‍ കളിക്കുന്നവരെ മാത്രം മഹാന്‍മാരെന്ന് വിശേഷിപ്പിക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ സേവാഗിനെ വിശേഷിപ്പിക്കാന്‍ ക്രിക്കറ്റ് നിഘണ്ടുവില്‍ പുതിയ പദം തന്നെ എഴുതിചേര്‍ക്കേണ്ടി വരും.
അപ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് തോന്നിപ്പിക്കും വിധം വീരുവിന്‍റെ ബാറ്റില്‍ നിന്ന് വെടിയുണ്ടപോലെ പന്തുകള്‍ അതിര്‍ത്തികള്‍ തേടിപാഞ്ഞുകൊണ്ടിരിക്കും. കാരണം കളിയെ സാങ്കേതികമായി സമീപിക്കാന്‍ മുള്‍ട്ടാനിലെ സുല്‍ത്താനറിയില്ല. സാധാരണക്കാരനെ പോലെ ചിന്തിക്കുകയും സ്വന്തം കളികൊണ്ട് അസാധാരണക്കാരനാവുകയും ചെയ്യുക എന്നതാണ് വീരുവിന്‍റെ ശൈലി. ക്രീസിലെത്തിയാല്‍ ടെസ്റ്റായാലും ഏകദിനമായാലും പരമാവധി പന്തുകള്‍ അടിച്ച് പറത്തുക എന്നത് മാത്രമാണ് വീരുവിന്‍റെ ലക്‍ഷ്യം.
ഏഴു വര്‍ഷമായി ഇന്ത്യന്‍ ഓപ്പണര്‍ സ്ഥാനത്ത് കളി തുടരുന്ന വീരുവിനെ സെഞ്ച്വറികളുടെ എണ്ണപ്പെരുക്കത്തിലോ റണ്‍സുകളുടെ വലിപ്പത്തിലോ വിലയിരുത്താനാവില്ല. വീരു നേടിയ റണ്ണുകളേക്കാള്‍ അവ നേടിയ രീതിവെച്ച് മാത്രമേ വിലയിരുത്താനാവു. അത് ഏകദിനമായാലും ടെസ്റ്റ് ആയാലും. എന്നൊക്കെ വീരു മൂന്നക്കം കടന്നിട്ടുണ്ടോ അതൊന്നും പാഴായിട്ടില്ല. ഒരു പക്ഷേ വീരുവിന്‍റെ റോള്‍ മോഡലായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും ഇത്തരമൊരു നേട്ടം അവകാശപ്പെടാന്‍ ആയെന്നു വരില്ല.
36 വര്‍ഷത്തിനുശേഷം ബ്രാബോണില്‍ ഒരിക്കല്‍ കൂടി ടെസ്റ്റ് വിരുന്നിനെത്തിയപ്പോള്‍ വീരു കാഴ്ചവെച്ച വെടിക്കെട്ടു തന്നെയാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണം. മുത്തയ്യ മുരളീധരന്‍ എന്ന ലോകോത്തര സ്പിന്നറെ വെറുമൊരു ക്ലബ്ബ് നിലവാരത്തിലേക്ക് സേവാഗ് അടിച്ചു പറത്തിയപ്പോള്‍ ശ്രീലങ്കന്‍ പരിശീലകന്‍ പറഞ്ഞതോര്‍ക്കുക, സേവാഗിനെ തളയ്ക്കാന്‍ 20 ഫില്‍ഡര്‍മാരെങ്കിലും വേണമെന്ന്. ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സിനടുത്ത് സ്കോര്‍ ചെയ്ത ഒരു ടീം ഒറ്റ വ്യക്തിയുടെ പ്രകടനം കൊണ്ട് പ്രതിരോധത്തിലായിപ്പോയി.
കോപ്പി ബുക്ക് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാന്‍ ഒരു പന്തില്‍ ഇന്ന ഷോട്ട് കളിക്കുമെന്ന് എതിര്‍ ക്യപ്റ്റന് ഊഹിക്കാന്‍ കഴിയും. എന്നാല്‍ വരുന്നതിനെ വരുന്നിടത്തുവെച്ചു കാണുന്ന വീരുവിനെന്തു കോപ്പി ബുക്ക്. ഒരു പക്ഷേ റെക്കോര്‍ഡുകള്‍ നേടാമെന്നോ നഷ്ടമാകുമെന്നോ ഉള്ള ഭയമില്ലാതെ ഇങ്ങനെ ബാറ്റ് വീശാന്‍ കഴിയുന്നതു തന്നെയാണ് കൂറ്റന്‍ സ്കോറുകളുടെ തോഴനാക്കാന്‍ വീരുവിനെ പ്രാപ്തനാക്കുന്നത്.
90കളില്‍ നില്‍ക്കുമ്പോള്‍ സച്ചിന്‍റെ മുഖത്തെ സമ്മര്‍ദ്ദം കാണികള്‍ക്ക് പോലും വായിച്ചെടുക്കനാവും. എന്നാല്‍ 99 ഉം 299ഉം വീരുവിനെ സംബന്ധിച്ചിടത്തോളം ഒന്നു തന്നെയാണ്. അടിക്കാനുള്ള പന്താണോ വീരു അടിച്ചിരിക്കും. അപ്പോള്‍ ഒരു റണ്‍സിന്‍റെ നഷ്ടത്തിന്‍റെ ചരിത്രത്തില്‍ നഷ്ടമാകുന്ന ഇടങ്ങളെക്കുറിച്ചുള്ള ചിന്തയൊന്നും വീരുവിനെ അലട്ടുന്നില്ല.
ബ്രാബോണില്‍ ഏഴു റണ്‍സലെ ചരിത്ര നേട്ടം നഷ്ടമായപ്പോഴും നിരാശയുടെ പടുകുഴിയിലേക്ക് വീഴാനൊന്നും സേവാഗ് തയ്യാറയില്ല. അടുത്ത തവണ നോക്കാമെന്ന് മാത്രം പറഞ്ഞു. സമകാലീന ക്രിക്കറ്റില്‍ ഇത്രയും ആത്മവിശ്വാസത്തോടെ ഇതു പറയാന്‍ ഒരേ ഒരു സേവാഗിന് മാത്രമേ കഴിയൂ. കാരണം സേവാഗിനെപ്പോലൊരു താരത്തിന് ഒന്നരദിവസം ക്രീസില്‍ നിന്നാല്‍ എത്തിപ്പിടിക്കാവുന്ന റണ്‍സേ ഒരിന്നിംഗ്സില്‍ ബ്രയാന്‍ ലാറപോലും കുറിച്ചിട്ടുള്ളു.