ഐപി‌എല്‍ വിപ്ലവത്തിന് കേരളം ഒരുങ്ങുന്നു

ഞായര്‍, 21 മാര്‍ച്ച് 2010 (18:08 IST)
PRO
ഇനിയുള്ള നാളുകളില്‍ മലയാളിയുടെ ക്രിക്കറ്റ് കൊച്ചിയിലേക്ക് ചുരുങ്ങും. നമ്മുടെ നാടും നഗരവും നാട്ടുവഴികളും ചായപ്പീടികകളും ഒക്കെ ഇനി കൈരളിയുടെ സ്വന്തം ഐപി‌എല്‍ ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ നിറയും. ടിവിയുടെ മുന്നിലിരുന്ന് ഉദ്വേഗത്തോടെ ഐപി‌എല്‍ മത്സരങ്ങള്‍ കാണുന്ന മലയാളിക്ക് ഇനി പ്രാര്‍ത്ഥിക്കാനും നേര്‍ച്ചകള്‍ നേരാനും നെഞ്ചിടിപ്പ് കൂട്ടാനും സ്വന്തമായൊരു ടീമുണ്ടാകും. 2010 മാര്‍ച്ച് ഇരുപത്തിയൊന്ന് വാസ്തവത്തില്‍ കൊച്ചുകേരളത്തിന്‍റെ ക്രിക്കറ്റ് കരിയറില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ദിവസമായിക്കഴിഞ്ഞു.

വര്‍ഷങ്ങളോളം കേരളത്തിന് വേണ്ടി പന്തെറിഞ്ഞ് കൈ തേഞ്ഞ അനന്തപത്മനാഭനെപ്പോലെയുള്ള താരങ്ങളുടെ കണ്ണീരുകണ്ടതാണ് നമ്മുടെ ക്രിക്കറ്റ് ലോകം. വിടരും മുമ്പേ കൊഴിയുന്ന സ്വപ്നങ്ങളായിരുന്നു എന്നും കേരള ക്രിക്കറ്റിന്‍റെ ശാപം. കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവും മികച്ച അക്കാദമിക് പരിശീലനത്തിന്‍റെ അഭാവവും നമ്മുടെ ക്രിക്കറ്റ് പ്രതീക്ഷകളെ അപ്പൂപ്പന്‍താടി പോലെ കാറ്റില്‍ പറത്തി. കാറ്റിന്‍റെ ഗതിക്കനുസരിച്ച് വര്‍ഷങ്ങളോളം അത് തെന്നി നീങ്ങിക്കൊണ്ടിരുന്നു. എത്തിപ്പെടുന്ന കൈകള്‍ക്കനുസരിച്ച് സൌകര്യപൂര്‍വ്വം ഞെരിഞ്ഞമര്‍ന്ന് ആ പ്രതീക്ഷകളുടെ നിറം മങ്ങുകയും ചെയ്തു.

ലെഗ്സ്പിന്നര്‍ ആയിരുന്ന അനന്തപത്മനാഭനെ ദേശീയ ടീമിന്‍റെ പടികയറ്റാന്‍ വേണ്ടി മലയാളികള്‍ മുറവിളി കൂട്ടിയ ഒരു സമയമുണ്ടായിരുന്നു. ഒടുവില്‍ ടിനു യോഹന്നാനിലൂടെ നമ്മള്‍ ആ ദാരിദ്ര്യം മറികടന്നു. എന്നാല്‍ ദേശീയ ടീമില്‍ മലയാളിയുടെ പ്രാതിനിധ്യം സ്ഥിരമായി ഉറപ്പിക്കാന്‍ ടിനുവിന് ആയില്ല. ഇതിനുശേഷം ശ്രീശാന്തിന്‍റെ കടന്നുവരവോടെ കാര്യങ്ങള്‍ അല്‍‌പം മെച്ചപ്പെട്ടുതുടങ്ങി. യുവത്വത്തിന്‍റെ പ്രസരിപ്പോടെ ടീമിലെത്തിയ ശ്രീശാന്ത് ചില്ലറ കുസൃതികള്‍ കാട്ടിയിട്ടുണ്ടെങ്കിലും ചില നേരങ്ങളില്‍ പ്രവചനങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ ശ്രീശാന്തിന് ശേഷം ഇനിയാര് എന്ന ചോദ്യത്തിനു മുന്നില്‍ വീണ്ടും നമുക്ക് ഉത്തരം മുട്ടുന്ന അവസ്ഥയാണ്.

ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ പുതിയ ഐപിഎല്‍ ടീം നമുക്ക് അനുഗ്രഹമാകുന്നത്.
സ്വന്തം ഐപിഎല്‍ ടീം വരുന്നതോടെ നമ്മുടെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ അവസരമൊരുങ്ങുകയാണ്. ഒപ്പം പ്രൊഫഷണല്‍ പരിശീ‍ലനവും ലഭിക്കും. മലയാളികളായ കളിക്കാര്‍ക്ക് ദേശീയ ടീമിലേക്കുള്ള ഒരു പാതയായിരിക്കും കൊച്ചിയിലെ ഐപി‌എല്‍ ടീം. ദേശീയ ടീമിന്‍റെ തെരഞ്ഞെടുപ്പിലും മറ്റും മലയാളി താരങ്ങളോട് അയിത്തം കാണിച്ചിരുന്ന ബിസിസിഐയുടെ ഉത്തരേന്ത്യന്‍ ലോബിക്ക് ഇനി നാം മറുപടി നല്‍കുക കൊച്ചിയിലെ ഐപി‌എല്‍ ടീമിലൂടെയാകും. ഒപ്പം രഞ്ജി ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള ടൂര്‍ണ്ണമെന്‍റുകളില്‍ മാന്യമായ പ്രകടനം എന്ന നമ്മുടെ മോഹത്തിനും ചിറകുകള്‍ മുളയ്ക്കുകയാണ്.

പിറന്നുവീണ് പിച്ചവെക്കുന്നതിനു മുമ്പുതന്നെ അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ടൂര്‍ണ്ണമെന്‍റാണ് ഐപി‌എല്‍. ഐപി‌എല്ലില്‍ കളിക്കാന്‍ അവസരം തേടി ഇന്ന് വിദേശതാരങ്ങള്‍ പോലും മത്സരിക്കുകയാണ്. മൂന്നാം വയസില്‍ തന്നെ ഐപി‌എല്‍ ശൃംഖലയില്‍ ഇടം നേടാ‍ന്‍ കഴിഞ്ഞത് കേരളാ ക്രിക്കറ്റിനെ സംബന്ധിച്ച് ഒരു വലിയ കാര്യമാണെന്നു തന്നെ പറയാം. ഇനിയുള്ള നാളുകളില്‍ ഒരു ആരവത്തിനുകൂടി നമുക്ക് കാതോര്‍ക്കാം.... കൊച്ചിയില്‍ നിന്നു തുടങ്ങി ഫുട്ബോളിനെ നെഞ്ചേറ്റിയ മലപ്പുറവും കോഴിക്കോടും ചുറ്റി അനന്തപുരിയുടെ ആകാശത്തോളം അലയടിക്കുന്ന ആരവത്തിനായി.

വെബ്ദുനിയ വായിക്കുക