Ravindra Jadeja Injury: ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. നിലവില്‍ ഇന്ത്യ ഏറ്റവും വിശ്വാസത്തോടെ ആശ്രയിക്കുന്ന ഓള്‍റൗണ്ടറാണ് ജഡേജ. ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ജഡേജയ്ക്ക് കാല്‍മുട്ടിനു പരുക്കേറ്റത്.
ജഡേജയുടെ പരുക്ക് കടുത്തതാണെന്നാണ് ബിസിസിഐ വൈദ്യസംഘത്തിന്റെ വിലയിരുത്തല്‍. ജഡേജയെ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ജഡേജയ്ക്ക് മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ട്വന്റി 20 ലോകകപ്പ് താരത്തിനു നഷ്ടമാകും. മാത്രമല്ല ജഡേജയ്ക്ക് ഉടന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശീലനത്തിനിടെയോ ഏഷ്യാ കപ്പിലെ ഏതെങ്കിലും മത്സരത്തിനിടയിലോ ആകും ജഡേജയ്ക്ക് പരുക്കേറ്റതെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ വാസ്തവം അതല്ല. ഏഷ്യാ കപ്പിനിടെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ഉല്ലസിക്കാന്‍ പോയപ്പോഴാണ് ജഡേജയ്ക്ക് പരുക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാല്‍മുട്ടിന് ഇടയ്ക്കിടെ പരുക്കേല്‍ക്കുന്നതിനാല്‍ ബീച്ചിലെ ഉല്ലാസത്തിനിടെ സാഹസികമായ കാര്യങ്ങള്‍ക്ക് പോകരുതെന്ന് ജഡേജയ്ക്ക് നേരത്തെ നിര്‍ദേശം ലഭിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് കേള്‍ക്കാതെയാണ് ജഡേജ സാഹസികമായ ഉല്ലാസ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടത്.
ഏഷ്യാ കപ്പിനിടെ ഇന്ത്യന്‍ കളിക്കാര്‍ ദുബായിലെ കടലില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരുക്ക് പറ്റിയത് എന്നാണ് വിവരം. സ്‌കൈ ബോര്‍ഡില്‍ നിന്നും തെന്നിവീണ ജഡേജയുടെ കാല്‍മുട്ടിന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. സാഹസിക പരിശീലനത്തിന്റെ ഭാഗമായാണിതെന്ന് പറയുന്നുണ്ടെങ്കിലും ടീം മാനേജ്മെന്റിന്റെ അനുമതിയോടെയല്ല കടലിലെ കളിയെന്നാണ് സൂചന. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും കളിക്കാരോട് സാഹസിക പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കേള്‍ക്കാതെയാണ് താരങ്ങള്‍ ഒരുമിച്ച് സ്‌കൈ ബോര്‍ഡ് ഉപയോഗിച്ചത്.
താരങ്ങള്‍ തമ്മിലുള്ള മാനസിക അടുപ്പം വര്‍ധിക്കുന്നതിനാണ് പരിശീലനത്തിനു ഒരു ദിവസം ഇടവേള നല്‍കി ഉല്ലാസ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏതെങ്കിലുമൊരു അവധിക്കാല സ്പോട്ടില്‍ താരങ്ങള്‍ ഉച്ചഭക്ഷണത്തിനോ, അത്താഴത്തിനോ ഒരുമിച്ച് പോവുകയോ ആണ് ചെയ്യുന്നത്. ഇങ്ങനെയൊരു ഉല്ലാസത്തിനിടെയാണ് ജഡേജയ്ക്ക് പരുക്കേറ്റത്.