'തിരിച്ചറിവുകളുടെ ചില ഏകാന്തനിമിഷങ്ങള്‍ക്കേ ഇനി പഴയ വിരാട് കോലിയെ തിരിച്ചുനല്‍കാന്‍ കഴിയൂ'; കിങ് കോലിക്ക് സംഭവിക്കുന്നത്
തിങ്കള്‍, 9 മെയ് 2022 (08:47 IST)
റണ്‍മെഷീന്‍ വിരാട് കോലിയുടെ മോശം ഫോം ഇന്ത്യന്‍ ആരാധകരെ മാത്രമല്ല ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരേയും നിരാശരാക്കുന്നുണ്ട്. കോലിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന വിലയിരുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയും അല്‍പ്പമൊന്ന് വേദനിക്കും. ടെക്‌നിക്കലി കോലിക്ക് തന്റെ മികവ് കൈമോശം വന്നെന്നാണ് ക്രിക്കറ്റ് നിരീക്ഷകനും എഴുത്തുകാരനുമായ ജിതേഷ് മംഗലത്തിന്റെ വിലയിരുത്തല്‍. അതിനെ മറികടക്കാന്‍ കോലി തീവ്ര ശ്രമം നടത്തണമെന്നും ജിതേഷ് പറയുന്നു.
വിരാട് കോലിയുടെ പ്രശ്‌നം ബാറ്റിംഗ് ടെക്‌നിക്കിന്റേതു തന്നെയാണെന്ന് പിന്നെയും,പിന്നെയും തോന്നുന്ന രീതിയിലാണ് അയാളിപ്പോള്‍ ഓരോ ഇന്നിംഗ്‌സിലും പുറത്തായിക്കൊണ്ടിരിക്കുന്നത്. ആറ്റിറ്റിയൂഡ്, കാഴ്ച്ചയുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പലരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അയാളുടെ അവസാന രണ്ടുമൂന്നു വര്‍ഷങ്ങളിലെ ബാറ്റിംഗ് ശ്രദ്ധാപൂര്‍വ്വം പിന്തുടര്‍ന്നാല്‍ ബാറ്റിംഗ് ടെക്‌നിക്കിലെ ക്രമാനുഗതമായ മൂല്യശോഷണം തിരിച്ചറിയാന്‍ കഴിയുമെന്നാണ് എനിക്കുതോന്നുന്നത്. കോലിയെപ്പോലൊരു ബാറ്റര്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുങ്ങുന്നതിന്റെയും, ക്ലീന്‍ ബൗള്‍ഡാകുന്നതിന്റെയും ശരാശരികള്‍ പേടിപ്പെടുത്തുന്ന രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പറയാതെ വയ്യ. ബൗളിംഗിന്റെ ലെംഗ്ത് തിരിച്ചറിയുന്നതില്‍ വന്നിട്ടുള്ള പാകപ്പിഴകള്‍ തന്നെയാണ് ഇത്തരമൊരു നാണക്കേടിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത്.
സ്പിന്നര്‍മാര്‍-പ്രത്യേകിച്ച് മൊയീന്‍ അലിയെപ്പോലുള്ളവര്‍-കോലിയുടെ ഈ പരിമിതിയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഓഫ് സ്റ്റമ്പിനു പുറത്ത് ലൂപ്പ് ചെയ്യുന്ന പന്ത് കോലിയ്ക്ക് ഒരു എക്‌സ്പന്‍സീവ് കവര്‍ഡ്രൈവിനുള്ള ക്ഷണമാണ്. പക്ഷേ ഒന്നോ രണ്ടോ ഗുഡ് ലെംഗ്ത് പന്തുകള്‍ക്കു ശേഷം മൊയീന്‍ ലെംഗ്ത് ഷോര്‍ട്ടന്‍ ചെയ്യും. കൃത്യമായ ടേണ്‍ കൂടിയാകുമ്പോള്‍ പത്തില്‍ ഒമ്പതു തവണയും ബാറ്റര്‍ ക്ലീന്‍ഡ് അപ്പാകും. എത്ര തവണ ആവര്‍ത്തിച്ചാലും, തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടിനോടുള്ള ഒബ്‌സഷനില്‍ നിന്നും കോലിയെപ്പോലൊരു പ്രൊഫഷണല്‍ സുരക്ഷിതമായ അകലം സൂക്ഷിക്കുന്നില്ലെന്നത് എന്നെ അമ്പരപ്പിക്കുന്നു. ശരിയാണ്,അയാളോളം നന്നായി കവര്‍ഡ്രൈവ് ഓഫര്‍ ചെയ്യുന്ന ബാറ്റര്‍ സമകാലിക ക്രിക്കറ്റിലെന്നല്ല, ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അധികം പേരില്ല. അതയാളുടെ സിഗ്‌നേച്ചര്‍ ഷോട്ടാണ് താനും. എന്നു കരുതി അത്തരമൊരു ഷോട്ടു മാത്രം ആവനാഴിയിലുള്ള ഒരു വണ്‍ ഡയമന്‍ഷണല്‍ ബാറ്ററാണോ വിരാട്? തീര്‍ച്ചയായും അല്ലെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഓഫ്സ്റ്റമ്പിന് കണക്കായി പൊസിഷന്‍ ചെയ്യപ്പെടുന്ന പാദമാണ് ഡിക്ലൈനിംഗ് കോലിയുടെ മറ്റൊരു ഫീച്ചറായി തോന്നിയിട്ടുള്ളത്. ഒരു അഗ്രസീവ് ഷോട്ടില്‍ ഇപ്പോഴും അത് ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നുണ്ടെങ്കിലും പ്രതിരോധാത്മകമായി കളിക്കുമ്പോള്‍ അയാളുടെ ദൗര്‍ബല്യമായി മാറുന്നു. പന്ത് സ്റ്റമ്പ്‌സിലേക്ക് ഡയരക്ട് ചെയ്യപ്പെടുമ്പോള്‍ ബാറ്റും പാഡും തമ്മിലുള്ള അകലം തീരെയില്ലാതാകുന്നുണ്ട്. അതുകൊണ്ടു തന്നെ ബാറ്റില്‍ സ്പര്‍ശമുണ്ടായില്ലെങ്കില്‍ ഓഫ്സ്റ്റമ്പ് ലൈനില്‍ ബാറ്റര്‍ പ്ലംബ് എല്‍ബിഡബ്ല്യുവില്‍ കുരുങ്ങും.ഇടക്കിടെ ലെഗ് സ്റ്റമ്പ് ലൈനില്‍ ഗാര്‍ഡെടുത്ത് ഈ ദൗര്‍ബല്യത്തെ മറികടക്കാന്‍ കോലി ശ്രമിക്കുന്നുണ്ടെങ്കിലും ട്രിഗര്‍ മൂവ്‌മെന്റുകളുടെ അനാവശ്യമായ ആധിക്യം അയാളെ മിഡില്‍ സ്റ്റമ്പില്‍ തളച്ചിടുന്നു.ഒപ്പം ലെംഗ്ത്ത് തിരിച്ചറിയുന്നതിലെ പാളിച്ചകള്‍ കൂടിയാകുമ്പോള്‍ പ്രശ്‌നം അതേപടി തുടരുകയാണ്.
വിന്റേജ് കോലിയുടെ പ്രത്യേകത ക്രീസിന്റെ ആഴം പരമാവധി ഉപയോഗപ്പെടുത്തി ലെഗ് സൈഡ് ഫീല്‍ഡിലെ ഗ്യാപ്പുകള്‍ കണ്ടെത്തുന്ന ഷോട്ടുകളായിരുന്നു. ഷോര്‍ട്ട് ആം വിപ്പുകളായും,ജാബുകളായും അവയങ്ങനെ നിരന്തരം പ്രവഹിച്ചു കൊണ്ടേയിരുന്നു. ഇതു പലപ്പോഴും ബൗളറെ ഷോര്‍ട്ട് പിച്ചുകളെറിയാന്‍ നിര്‍ബന്ധിതരാക്കുകയും, ബാക്ക് ഫൂട്ടിലെ റോക്ക് സോളിഡ് ഷോട്ട് മേക്കിംഗിനാല്‍ കോലി ആ പന്തുകളെ പ്രൊഡക്ടീവ് ഷോട്ടുകളാക്കുകയും ചെയ്യും. പക്ഷേ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഇത്തരം ബോട്ടം ഹാന്‍ഡ് വിപ്പുകളിന്മേല്‍ അയാള്‍ക്കുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായിരിക്കുന്നതുപോലെ തോന്നുന്നുണ്ട്. അതിനേക്കാളേറെ ഇത്തരം വിപ്പുകളോ,ജാബുകളോ അയാള്‍ പ്രയോഗിക്കുന്നത് തെറ്റായ പന്തുകളിലാണ്.വീണ്ടും പ്രശ്‌നം ബാറ്റിംഗിലെ അടിസ്ഥാനതത്ത്വങ്ങളിലേക്കെത്തുന്നു.ലെംഗ്ത് പിക്ക് ചെയ്യുന്നതിലെ പാളിച്ചകള്‍!
വിരാട് കോലി പുനര്‍സന്ദര്‍ശനം നടത്തേണ്ടത് ബാറ്റിംഗിന്റെ ബേസിക്‌സിലേക്കുതന്നെയാണെന്നാണ് എനിക്കു തോന്നുന്നത്. അയാളുടെ ആക്രമണോത്സുകമനോഭാവത്തിന്റെയോ,ക്യാപ്റ്റന്‍സി കൈമാറ്റത്തിന്റെയോ ഒന്നും പ്രശ്‌നമല്ല ഈ ലീന്‍ പാച്ച്. പൂര്‍ണ്ണമായും ഗെയിമിനു വേണ്ടി അര്‍പ്പിതമായ ഒരു മനോഭാവത്തിനേ,സാധനകളുടെ വലിയ ചില ആവര്‍ത്തനങ്ങള്‍ക്കേ,തിരിച്ചറിയലുകളുടെ ചില ഏകാന്തനിമിഷങ്ങള്‍ക്കേ ഇനിയാ പഴയ വിരാട് കോലിയെ തിരിച്ചുനല്‍കാന്‍ കഴിയൂ. അതെത്ര പെട്ടെന്ന് സംഭവിക്കുന്നോ അത്രയും നല്ലത്. സച്ചിനോട് ഉപമിക്കപ്പെട്ടിരുന്ന അയാളുടെ പ്രതിഭയും,കരിയറും ഇത്തരമൊരന്ത്യമല്ല അര്‍ഹിക്കുന്നത്.കം ബാക്ക് കിംഗ്,കം ബാക്ക് സ്‌ട്രോങ്ലി...