മലയാളി ക്രിക്കറ്റ് പ്രേമികൾ രോക്ഷം കൊള്ളുകയാണ്. തങ്ങളുടെ പ്രിയതാരത്തെ യാതോരു ദയാദാക്ഷിണ്യവുമില്ലാതെ വീണ്ടും അവഗണിച്ചിരിക്കുന്നു. പതിവ് പോലെ ടീമിന്റെ ഭാഗമാവുക എന്ന സ്വപ്നവും ഇത്തവണ സഞ്ജു വി സാംസണു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്. ക്ഷമിക്കാൻ മലയാളികൾക്ക് ഇനി കഴിഞ്ഞേക്കില്ല. അവർ തങ്ങളുടെ പ്രതിഷേധം അറിയിച്ച് കഴിഞ്ഞു.
മലയാളിയായത് കൊണ്ടാണോ ഈ അവഗണനയെന്ന ചോദ്യം മലയാളികൾ ആവർത്തിക്കുകയാണ്. വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഏകദിന,ടി20 ടീം പ്രഖ്യാപിക്കുമ്പോള്‍ സഞ്ജു സാംസണിന്റെ പേര് മലയാളി ആരാധകര്‍ ഉറപ്പിച്ചിരുന്നു. പക്ഷേ ലിസ്റ്റ് വന്നപ്പോൾ അതിൽ സഞ്ജു ഇല്ല. ടീം ഇന്ത്യയും സെലക്ടർമാരും സഞ്ജുവിനെ പൂർണമായും അവഗണിച്ചിരിക്കുന്നു.
വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഏകദിന,ടി20 ടീം പ്രഖ്യാപിച്ചപ്പോൾ ട്വിറ്ററിൽ സഞ്ജു നടത്തിയ പ്രതികരണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിരിച്ചു കൊണ്ടുള്ള ഒരു സ്മൈലി ആണ് സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. തോൽക്കാൻ തയ്യാറല്ല എന്ന് അർത്ഥം. എത്ര അപമാനിച്ചാലും തിരിച്ച് വരുമെന്നുള്ള ഉറപ്പെല്ലാം ആ ഒരു സ്മൈലിയിൽ ഉണ്ട്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 സീരീസ് ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് കഴിഞ്ഞെങ്കിലും കളിക്കാൻ അവസരം കിട്ടിയില്ല. കളി കഴിഞ്ഞപ്പോൾ അവസാനിച്ചപ്പോൾ ഗ്രൌണ്ടിലിറങ്ങാൻ ഭാഗ്യമില്ലാതെ സഞ്ജു മടങ്ങി. സിരീസിലുടനീളം പകരക്കാരന്റെ കുപ്പായമണിഞ്ഞ് സഞ്ജു സൈഡ് ബഞ്ചിലിരുന്നു. ക്ലാസും മാസും ഒത്തുചേരുന്ന ബാറ്റ്സ്മാനാണ് സഞ്ജു. എന്നിട്ടും ക്യാപ്റ്റൻ രോഹിത് ശർമ സഞ്ജുവിനെ തടഞ്ഞതെന്തുകൊണ്ട്? ടീം ഇന്ത്യയില്‍ സഞ്ജു ഒരു തവണ കൂടി ജഴ്‌സി അണിയണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ടീം ഇന്ത്യയില്‍ ഉത്തരന്ത്യേയില്‍ നിന്നെല്ലാം വരുന്ന കളിക്കാര്‍ക്ക് കിട്ടുന്ന പ്രിവിലേജ് സഞ്ജുവെന്ന മലയാളിയെ ആകെ തകര്‍ത്തു കളയാന്‍ ശക്തിയുളളതാണ്. റിഷഭ് പന്തിനെ പോലുളള താരങ്ങള്‍ കളി മറന്നിട്ട് ഇന്ത്യൻ ടീം അവരെ ചേർത്തു നിർത്തുമ്പോഴാണ് സഞ്ജുവിനെ പോലെ ഫോമിൽ കളിക്കുന്ന താരങ്ങളെ സെലക്ടർമാർ അകലേക്ക് നീക്കി നിർത്തുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കുന്ന മുംബൈ, ബംഗളൂരു, ഡല്‍ഹി ലോബി ഒരു മലയാളി താരത്തെ അംഗീകരിക്കില്ലെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. സഞ്ജു സിംഗ് എന്നോ സഞ്ജു ശര്‍മ്മ എന്നോ ആയിരുന്നെങ്കില്‍ മലയാളി താരം എന്നോ ടീം ഇന്ത്യയില്‍ എത്തിയേനെയെന്ന് ഇവര്‍ വാദിക്കുന്നു. ഇന്ത്യന്‍ കായിക രംഗത്ത് ഒരു അനീതി കൂടി നടന്നിരിക്കുകയാണെന്ന് മലയാളികൾ പറയുന്നു.